ഇരട്ടക്കൊലക്കേസിലെ പ്രതിയായ സിപിഎം നേതാവിന് ജയിലില്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ; സൂപ്രണ്ട് നേരിട്ട് ഹാജരാകണമെന്ന് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 11:38 AM  |  

Last Updated: 21st November 2022 11:38 AM  |   A+A-   |  

peethambaran

പീതാംബരന്‍, കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും/ ഫയല്‍

 


കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സിപിഎം പ്രാദേശിക നേതാവിന് ജയിലില്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ. സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സിബിഐ കോടതി നിര്‍ദേശം നല്‍കിയത്. 

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ പീതാംബരനാണ് 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കിയത്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് എ പീതാംബരന്‍. 

പീതാംബരന് അസുഖമായതിനാല്‍ ചികിത്സിക്കാന്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 നാണ് ജയില്‍ ഡോക്ടറോട് ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടത്. പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് 24 ന് ജയില്‍ സൂപ്രണ്ട് കോടതിയുടെ അനുമതിയില്ലാതെ സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

ഈ മെഡിക്കല്‍ ബോര്‍ഡ് ആണ് പിതാംബരന് 40 ദിവസത്തെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്. നടുവേദനയും മറ്റ് അസുഖങ്ങളും ഉള്ളതിനാലാണ് പീതാംബരന്‍ ചികിത്സ തേടിയത്. കോടതി അനുവാദമില്ലാതെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ നടത്തിയതിലാണ് സിബിഐ കോടതി വിശദീകരണം തേടിയത്. 

ഈ വാർത്ത കൂടി വായിക്കൂ

'ഇത് തമിഴ്‌നാടല്ല'; കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് അതിക്രമം; ഒരാൾ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ