തരൂരിനെ വിലക്കിയത് ആരെന്ന് അറിയാം, നടന്നത് ഗൂഢാലോചന; കെ മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 11:00 AM  |  

Last Updated: 21st November 2022 11:00 AM  |   A+A-   |  

muraleedharan

കെ മുരളീധരന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം

 

കോഴിക്കോട്: ശശി തരൂരിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നില്‍ ആരാണെന്ന് അറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ പുറത്തു പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്നലെ സംഭവിച്ചത്. അതു ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നു മാത്രമേ പറയാനുള്ളൂ. എന്താണ് സംഭവിച്ചതെന്നു തനിക്കറിയാം. എന്നാല്‍ അതു പുറത്തുപറയുന്നില്ല.സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാവുന്നതിന് എതിര്‍പ്പുള്ളവരാണ് ഗൂഢാലോചന നടത്തിയവര്‍. മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചുവച്ചവര്‍ ആവാം ഇവരെന്നും മുരളി പറഞ്ഞു.

ആര്‍എസ്എസിന്റെ വര്‍ഗീയതയ്ക്ക് എതിരായ പരിപാടിയാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നത്. ഭാരത് ജോഡോ യാത്ര പിന്നിട്ട സംസ്ഥാനങ്ങളില്‍ ഇത്തരം പരിപാടി നടത്തണമെന്ന് എഐസിസിയുടെ ആഹ്വാനമുണ്ട്. ഇത്തരമൊരു പരിപാടിയില്‍നിന്ന് ഏതോ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പിന്‍മാറി എന്നു കരുതാനാവില്ല. ശക്തമായ ഇടപെടല്‍ കൊണ്ടാണ് അവര്‍ പിന്‍മാറിയത്. ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നു. ഇതില്‍ യൂത്ത് കോണ്‍ഗ്രസിനെ കുറ്റം പറയാനാവില്ല. അതുക്കും മേലെയാണ് നടന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഷാഫി പറമ്പിലിന് ഇതിലൊന്നും പങ്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ കെപിസിസി പ്രസിഡന്റിന്റെ വാക്കാണ് അന്തിമം. പാര്‍ട്ടി പരിപാടിയില്‍ ആര്‍ക്കും വിലക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഏതു നേതാവിനെയും പങ്കെടുപ്പിക്കാം. ഇതാണ് പാര്‍ട്ടി നിലപാട്. 

എന്താണ് നടന്നതെന്ന് അന്വേഷിക്കുന്നതിന് വിരോധമില്ല. എന്നാല്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഇതെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി വേദികളില്‍ ഇതുള്‍പ്പെടെ ചര്‍ച്ച ചെയ്യും. ശശി തരൂരിനെതിരെ ഗൂഢാലോചനയുണ്ടായോ എന്ന ചോദ്യത്തിന്, മര്യാദയ്ക്കല്ലാത്ത ആലോചനയെല്ലാം ഗൂഢാലോചനയാണ് എന്നായിരുന്നു മുരളീധരന്റെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സുധാകരന്‍ വിവരക്കേട് പറയുന്നു'; മാനനഷ്ടക്കേസ് കൊടുക്കും: സികെ ശ്രീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ