ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍; നടപടികള്‍ ആരംഭിച്ച് നിയമ വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 07:33 AM  |  

Last Updated: 22nd November 2022 07:33 AM  |   A+A-   |  

arif_muhammed_khan_governor

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍


തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ബിൽ നിയമ വകുപ്പ് തയ്യാറാക്കി തുടങ്ങി. അടുത്താഴ്ചയോടെ ബിൽ തയ്യാറാവും. സമാനസ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്ന രീതിയിലാണ് നിയമനം എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. 

സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാൻ സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നായിരിക്കും ചെലവ് കണ്ടെത്തുക. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബിൽ തയ്യാറാക്കാനാണ് നിയമ വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. മന്ത്രിസഭയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. 

അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൻറെ ആദ്യദിവസങ്ങളിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ആർട്സ് ആൻറെ സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസലർ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലറും. ഒരു ബിൽ പാസാക്കുമ്പോൾ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കിൽ അത് നിയമസഭയിൽ കൊണ്ടുവരും മുമ്പ് ഗവർണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നായിരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആർഎസ്എസുകാർ തലങ്ങും വിലങ്ങും വെട്ടിയപ്പോൾ എന്റെ 'ബുള്ളറ്റ് പ്രൂഫ്' ചൂരൽക്കസേര; അന്ന് പ്രതിരോധിച്ചതിന്റെ ബാക്കിയാണ് ഇന്നത്തെ ജയരാജൻ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ