കൊച്ചി: കലോത്സവം കഴിഞ്ഞ് വരവെ വാഹനത്തിൽ വെച്ച് പ്ലസ് വൺ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സ്കൂളിലെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ. സ്‌കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
അധ്യാപകൻ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്ന് വിദ്യാർഥിനി പരാതി നൽകിയിട്ടും പീഡന വിവരം സ്കൂൾ അധികൃതർ പൊലീസിൽ അറിയിക്കാതെ മറച്ചുവെച്ചു. അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതിയായ അധ്യാപകനെ കഴിഞ്ഞ ദിവസം നാഗർകോവിലിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം പട്ടിമറ്റം സ്വദേശി കിരൺ കുമാറാണ് അറസ്റ്റിലായത്. എറണാകുളത്ത് ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തിൽ പങ്കെടുപ്പിച്ച ശേഷം തിരിച്ച് വീട്ടിൽ കുട്ടിയെ എത്തിച്ചുകൊള്ളാം എന്ന അധ്യാപകന്റെ ഉറപ്പിലാണ് വിദ്യാർഥിനിയെ വീട്ടുകാർ അയച്ചത്. തിരിച്ചു വരുന്നതിനിടെയാണ് അധ്യാപകൻ വിദ്യാർഥിനിയെ ശാരീരികമായി പീഡിപ്പിച്ചത്.
വിവരം അറിഞ്ഞ സഹപാഠികൾ പ്രതിഷേധിക്കുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുമൊക്കെ അടിച്ചു തകർക്കുകയും ചെയ്തു. എന്നിട്ടും സ്‌കൂൾ അധികൃതർ പൊലീസിനെ അറിയിച്ചില്ല. വിദ്യാർഥിനിയെ കൗൺസിലിങ് നടത്തിയ ഗസ്റ്റ് അധ്യാപികയുടെ മൊഴി പ്രകാരമാണ് പിന്നീട് പൊലീസ് കേസെടുത്തത്. തുടർന്ന് അധ്യാപകൻ ഒളിവിൽ പോയി.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗർകോവിലിൽനിന്ന് പിടികൂടിയത്.കഴിഞ്ഞ ബുധനാഴ്ചയായിരുന്ന സംഭവം. ബസ് സമരമായതിനാൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പമാണ് വിദ്യാർത്ഥിനിയെ മാതാപിതാക്കൾ അയച്ചത്. തുടർന്ന് പൊന്നുരുന്നിയിൽ കലോത്സവം കഴിഞ്ഞ് വരുന്നതിനിടെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates