ചതിച്ചാശാനേ!‌, എംഎം മണിയോട് ശിവൻകുട്ടി; 'ആശാൻ മിണ്ടുന്നില്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 07:39 PM  |  

Last Updated: 22nd November 2022 07:39 PM  |   A+A-   |  

fifa_worldcup_argentina

വി ശിവൻകുട്ടി, മത്സരം തോറ്റ നിരാശയിൽ മെസി, അർജന്റീന ജേഴ്സിയിൽ എം എം മണി

 

കിരീടം ലക്ഷ്യമിട്ടെത്തിയ മെസിയുടെ അർജന്റീന ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ തന്നെ നാണംകെട്ട പരാജയമേറ്റു വാങ്ങിയ ദുഖത്തിലാണ് ആരാധകർ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് സൗദി അറേബ്യ അർജന്റീനയെ തോൽപ്പിച്ചത്. ഇതോടെ കേരളത്തിലെ അർജൻറീന ഫാൻസിനും രക്ഷയില്ലാതായി. സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളാണ് അർജന്റീന ആരാധകരെ തേടിയെത്തുന്നത്. 

അർജന്റീന ഫാനാണെന്ന് ഒന്നിലേറെ തവണ തുറന്നുപറഞ്ഞിട്ടുള്ള മുൻ മന്ത്രി എംഎം മണിയെ ട്രോളിയിരിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രികൂടിയായ വി ശിവൻകുട്ടിയാണ്. 'ചതിച്ചാശാനേ' എന്നാണ് എം എം മണിയെ ടാ​ഗ് ചെയ്തുകൊണ്ട് ബ്രസീൽ ആരാധകനായ ശിവൻകുട്ടി കുറിച്ചത്. രാവിലെ മെസിക്ക് ശിവൻകുട്ടി ആശംസകൾ നേർന്നിരുന്നു. "കാര്യം ഞാനൊരു ബ്രസീൽ ആരാധകൻ ആണെങ്കിലും  മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല ... ഇതാണ് "സ്പോർട്സ് പേഴ്സൺ " സ്പിരിറ്റ്‌... ആരാധകരെ,  'മത്സരം' തെരുവിൽ തല്ലിയല്ല വേണ്ടത്, കളിക്കളത്തിൽ ആണ് വേണ്ടത്..", എന്ന് കുറിച്ചായിരുന്നു ആശംസ. 

പോസ്റ്റിന് താഴെ അർജന്റീന ആരാധകരുടെ നിരാശയും എതിർപക്ഷത്തിന്റെ ആവേശവും കാണാം. ആശാൻ എവിടെ പോയി, ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം.., ആശാന്റെ ഫോൺ ഔട്ട്‌ ഓഫ്‌ സർവീസ്, എന്റെ മേഴ്സി പോയല്ലോ, എന്നെല്ലാമാണ് കമന്റുകൾ. 

ഈ വാർത്ത കൂടി വായിക്കൂ

അവിശ്വസനീയം സൗദി; അർജന്റീനക്ക് ഞെട്ടൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ