പൊലീസുകാര്‍ തമ്മില്‍ 'അതിര്‍ത്തി തര്‍ക്കം', കഥാകൃത്തിന്റെ പോസ്റ്റുമോര്‍ട്ടത്തിനായി ബന്ധുക്കള്‍ കാത്തിരുന്നത് ഒരുദിവസം

രണ്ട് പൊലീസ് സ്‌റ്റേഷനുകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മൂലം പോസ്റ്റുമോര്‍ട്ടത്തിനായി മരിച്ചയാളുടെ ബന്ധുക്കള്‍ കാത്തിരുന്നത് ഒരുദിവസം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെറുതോണി: രണ്ട് പൊലീസ് സ്‌റ്റേഷനുകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മൂലം പോസ്റ്റുമോര്‍ട്ടത്തിനായി മരിച്ചയാളുടെ ബന്ധുക്കള്‍ കാത്തിരുന്നത് ഒരുദിവസം. ഇടുക്കി-കട്ടപ്പന റോഡില്‍ വാഹനാപകടത്തില്‍ കര്‍ഷകന്‍ മരിച്ച സ്ഥലം ഏതു സ്‌റ്റേഷന്‍ പരിധിയില്‍ എന്നതായിരുന്നു ഇടുക്കി, തങ്കമണി സ്‌റ്റേഷനുകളിലെ പൊലീസുകാര്‍ തമ്മിലുള്ള തര്‍ക്ക വിഷയം.

ആകാശവാണി കൃഷിപാഠം പക്തിയിലൂടെ ശ്രദ്ധേയനായ കര്‍ഷകനും കഥാകൃത്തുമായ നാരകക്കാനം ചാപ്രയില്‍ കുട്ടപ്പന്റെ (83) മൃതദേഹമാണ് ഒരു ദിവസം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്. തിങ്കള്‍ രാവിലെ പതിനൊന്നരയോടെ വീടിനു സമീപം റോഡില്‍ വച്ച് ബൈക്ക് ഇടിച്ചാണ് കുട്ടപ്പന്‍ മരിച്ചത്. വിവരമറിഞ്ഞ് ഇടുക്കി സ്‌റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയെങ്കിലും മൃതദേഹത്തിന്റെ ദേഹപരിശോധന നടത്തുകയോ ഇന്‍ക്വസ്റ്റ് തയാറാക്കുകയോ ചെയ്തില്ല. രണ്ടു സ്‌റ്റേഷനുകളുടെയും അതിര്‍ത്തി മനസ്സിലാകാത്തതിനാല്‍ അപകടം നടന്ന സ്ഥലം കേന്ദ്രഭരണ പ്രദേശമാക്കേണ്ടി വരുമെന്നായിരുന്നു ഇടുക്കി സ്‌റ്റേഷനില്‍ നിന്ന് അപകട സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്റെ കമന്റെന്ന് ദൃക്‌സാക്ഷി പറയുന്നു.

തങ്കമണി സ്‌റ്റേഷനില്‍ അറിയിക്കാന്‍ ഇടുക്കി സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ചുമതലയുള്ള എസ്‌ഐ, കുട്ടപ്പന്റെ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ സമീപിച്ചപ്പോള്‍ ഇടുക്കി പൊലീസാണ് നടപടിയെടുക്കേണ്ടതെന്നു പറഞ്ഞ് തങ്കമണി പൊലീസും ഒഴിഞ്ഞു. തര്‍ക്കം മണിക്കൂറുകളോളം നീണ്ടു. ഒടുവില്‍ തിങ്കള്‍ വൈകിട്ട് 5നു ശേഷമാണ് ഇടുക്കി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി റിപ്പോര്‍ട്ട് കൊടുത്തത്. സന്ധ്യയായതുമൂലം അന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com