ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; 7 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 03:09 PM  |  

Last Updated: 25th November 2022 03:09 PM  |   A+A-   |  

ldf_protest

എല്‍ഡിഎഫിന്റെ രാജ്ഭവന്‍ പ്രതിഷേധം/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ചീഫ് സെക്രട്ടറിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. രാജ്ഭവന്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ നടപടി. 

ഏഴ് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നുമാണ് നിര്‍ദേശം. സെക്രട്ടേറിയറ്റ് ജീവനക്കാരായ ഇടതുസംഘടനയിലെ നേതാക്കളാണ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രാഷ്ട്രീയ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

നവംബര്‍ 15നായിരുന്നു എല്‍ഡിഎഫിന്റെ രാജഭവന്‍ മാര്‍ച്ച്. ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്്ഘാടനം ചെയ്തത്. പ്രതിഷേധമാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് തെളിവ് സഹിതം ഗവര്‍ണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശ്രീറാം വെങ്കട്ടരാമനു തിരിച്ചടി; നരഹത്യാക്കുറ്റം ഒഴിവാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ