വിവാഹിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ല: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 10:23 AM  |  

Last Updated: 25th November 2022 10:23 AM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. പരാതിക്കാരി വിവാഹിതയാണെങ്കില്‍ നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് നടപടിയെടുക്കാനാവില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുനലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത് കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. പ്രതി കൊല്ലം സ്വദേശി ടിനോ തങ്കച്ചന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

ഓസ്‌ട്രേലിയയില്‍ വച്ച് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും യുവതിയും പ്രണയത്തിലായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും യുവതി മൊഴിയില്‍ പറയുന്നു. വിവാഹം ചെയ്യാമെന്നു പറഞ്ഞതു കൊണ്ടു ശാരീരിക ബന്ധത്തിനു സമ്മതിച്ചു എന്നാണു മൊഴി. എന്നാല്‍, വിവാഹിതയായ യുവതി പ്രണയത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസ് ആണിതെന്നു കോടതി പറഞ്ഞു. യുവതി ഭര്‍ത്താവില്‍ നിന്നു പിരിഞ്ഞു താമസിക്കുകയാണെങ്കിലും വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതേ ഉള്ളൂ. നിയമപരമായി നടപ്പാക്കാനാകാത്ത വിവാഹ വാഗ്ദാനം പീഡനക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ആധാരമാക്കാന്‍ കഴിയില്ലെന്നു വിലയിരുത്തിയ കോടതി കേസ് റദ്ദാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭാഗീരഥിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കിറ്റ് ഉപയോഗിച്ച് ഗര്‍ഭ പരിശോധന; നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ