വാട്‌സ്ആപ്പ് മെസ്സേജിന് പിന്നാലെ വീട്ടില്‍ 'അത്ഭുതങ്ങള്‍'; പിന്നില്‍ കൗമാരക്കാരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 07:01 AM  |  

Last Updated: 26th November 2022 07:01 AM  |   A+A-   |  

sajitha

പൊട്ടിത്തെറിച്ച സ്വിച്ച് ബോര്‍ഡിന് അരികില്‍ സജിത


കൊല്ലം:വാട്‌സ്ആപ്പില്‍ മെസ്സേജ് വന്നതിനു പിന്നാലെ വീട്ടിലെ ഫാന്‍ ഓഫാവുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നില്‍ കൗമാരക്കാരനെന്ന് പൊലീസ്. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാവുകയായിരുന്നു. വീട്ടകാര്‍ നടത്തിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.  കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ സജിതയുടെ വീട്ടിലാണ് പ്രശ്‌നങ്ങളുണ്ടായത്.

വീട്ടുകാരുടെ ഫോണുകള്‍ പ്രത്യേക ആപ്പ് വഴി ബന്ധിപ്പിച്ചായിരുന്നു മൂന്നു മാസമായി കുട്ടി സൈബര്‍ ആക്രമണം നടത്തിവന്നത്. 'ഇപ്പോള്‍ ഫാന്‍ ഓഫാകും, കറന്റ്  പോകും' എന്നൊക്കെയുള്ള സന്ദേശവും പിന്നാലെ ഇതെല്ലാം സംഭവിക്കുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചു. സന്ദേശം അയച്ചശേഷം കുട്ടി തന്നെയാണ് ഫാന്‍ ഓഫാക്കിയിരുന്നതും മറ്റും. 

സൈബര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫോണില്‍ ആപ്പുകള്‍ കണ്ടെത്തിയത്. കുട്ടിക്ക് കൗണ്‍സലിങ് നല്‍കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റും കേടായതിന് പിന്നില്‍ അസ്വാഭാവികതയില്ലെന്ന് കൊട്ടാരക്കര സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി എസ് പ്രശാന്ത് പറഞ്ഞു.

നേരത്തെ, യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന് എതിരെയും കേസെടുത്തിരുന്നു. തനിക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സജിത സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുവരുടെയും മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് സജിതയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് സുജിത്തിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് സുജിത്തിനെതിരെ ചേര്‍ത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു', ഭക്ഷണത്തിൽ വിഷംചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന് സരിതയുടെ പരാതി; ക്രൈംബ്രാഞ്ച് അന്വേഷണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ