'ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍': മാത്യു കുഴല്‍നാടന്‍; തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2022 01:30 PM |
Last Updated: 27th November 2022 01:30 PM | A+A A- |

ശശി തരൂര്‍/ ഫയല്‍
കൊച്ചി: ശശി തരൂരിനെ പിന്തുണച്ച് യുവ നേതാക്കളായ ഹൈബി ഈഡന്‍, മാത്യു കുഴല്‍നാടന്‍, കെ എസ് ശബരിനാഥന്‍ എന്നിവര്‍. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ശശി തരൂരെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം. തരൂരിനെ കേള്‍ക്കാന്‍ ഒരുപാടു പേര്‍ കാത്തിരിക്കുന്ന സമയമെന്നും ഹൈബി അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയിലാണ് യുവ നേതാക്കള്‍ തരൂരിനെ പിന്തുണച്ച് രംഗത്തു വന്നത്. തരൂരിന്റെ കഴിവ് കോണ്‍ഗ്രസ് ഉപയോഗിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരെയും സൈഡ് ബെഞ്ചില്‍ ഇരുത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ ആവശ്യപ്പെട്ടു. തരൂരിനെക്കുറിച്ച് ജനത്തിന് ബോദ്യമുണ്ട്. നെഹ്‌റുവിനെയും അംബേദ്കറെയും കുറിച്ച് പുസ്തകമെഴുതിയ ഏക നേതാവാണ് തരൂരെന്നും ശബരീനാഥന്‍ പറഞ്ഞു.
ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെയായിരുന്നു മാത്യു കുഴല്‍നാടന്റെയും പരാമര്‍ശം. ഫുട്‌ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍ ആകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസില്‍ ഒട്ടേറെ ഫോര്‍വേഡുകളുണ്ട്. പക്ഷെ ഗോളി ശരിയല്ലെങ്കില്‍ കളി തോല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നമ്മുടെ ഗോളി. അവരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ