'പിണറായി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന നേതാവ്; കരുണാകരനെപ്പോലെ; പക്ഷെ...'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 12:55 PM  |  

Last Updated: 27th November 2022 01:01 PM  |   A+A-   |  

muraleedharan_pinarayi

പിണറായി വിജയന്‍, കെ മുരളീധരന്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃഗുണത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതും നിശ്ചയദാർഢ്യവുമാണ് പിണറായി വിജയന്റെ മികച്ച ഗുണങ്ങളെന്ന് മുരളീധരന്‍ പറഞ്ഞു. ഭരണ മികവില്‍ കരുണാകരനും പിണറായിയും തമ്മില്‍ ഒട്ടേറെ സമാനതകളുണ്ടെന്നും മുരളീധരന്‍ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ പറഞ്ഞു. 

എന്നാല്‍ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതില്‍ പിണറായിക്ക് ധാരണാശേഷിക്കുറവുണ്ട്. യഥാര്‍ത്ഥ വസ്തുത ഇതാണെന്ന് പറഞ്ഞു മനസ്സിലാക്കാനുള്ള ധൈര്യമുള്ളവര്‍ അദ്ദേഹത്തിനൊപ്പമില്ല. അതുകൊണ്ടു തന്നെ തന്റെ ധാരണകളെല്ലാം ശരിയാണെന്ന് പിണറായി വിശ്വസിക്കുന്നു. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കുറവെന്നും മുരളീധരന്‍ വിലയിരുത്തി. 

ഉദ്യോഗസ്ഥ ഭരണ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ പിണറായി വിജയനും കരുണാകരനും തമ്മില്‍ സമാനതകളുണ്ട്. പക്ഷെ ഇപ്പോള്‍ പിണറായി വിജയന്‍ ഇതില്‍ താഴേക്ക് പോകുകയാണ്. ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് ഉറച്ച നിലപാടുകളുണ്ട്. അതേസമയം പൊലീസിനെ നിയന്ത്രിക്കുന്നതിൽ അടക്കം മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടമായതായി മുരളീധരന്‍ കുറ്റപ്പെടുത്തി. 

ശശി തരൂര്‍ വിവാദം സിപിഎമ്മിനാണ് ഗുണം ചെയ്തത്. സുധാകരന്റെ നാക്കുപിഴയും മുഖ്യമന്ത്രി പിണറായി വിജയന്, സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകമായി. സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറച്ച നിലപാടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 

'സ്വപ്ന വിവാദം യുഡിഎഫ് ഭരണകാലത്തെങ്കിൽ....'

സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ഏറ്റെടുത്ത്, അതില്‍ ഉറച്ചു നിന്ന് പോരാടാന്‍ കഴിയുന്നില്ല. സ്വപ്‌ന സുരേഷിനെതിരായ ആരോപണം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായതെങ്കില്‍, ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഭരണത്തില്‍ ഉണ്ടാകുമായിരുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മുസ്ലിം ലീഗ് മുന്നണി വിട്ടാലും കോണ്‍ഗ്രസ് അതിജീവിക്കുമെന്ന കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം തെറ്റാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. മുസ്ലിം ലീഗ് ഇല്ലാതെ കോണ്‍ഗ്രസിന് ഭാവിയില്ല. ഇക്കാര്യം തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം. കെപിസിസി പ്രസിഡന്റ് പദവിയിലിരിക്കെ, രാജി വെച്ച് മന്ത്രിയായത് തെറ്റായ തീരുമാനമായിരുന്നുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

വിഴിഞ്ഞം സംഘര്‍ഷം: ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു; വൈദികര്‍ അടക്കം പ്രതികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ