വിഴിഞ്ഞം സംഘര്‍ഷം: ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു; വൈദികര്‍ അടക്കം പ്രതികള്‍

വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്
ഫയല്‍ ചിത്രം: എക്‌സ്പ്രസ്
ഫയല്‍ ചിത്രം: എക്‌സ്പ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ പൊലീസ് കേസെടുത്തു. തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ലത്തീന്‍ അതിരൂപത മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരും കേസില്‍ പ്രതികളാണ്. വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു. 

തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ, പദ്ധതിയെ എതിര്‍ക്കുന്ന തീരദേശവാസികള്‍ അടക്കമുള്ള സമരസമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.  ശക്തമായ കല്ലേറും ഉണ്ടായി. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു. നൂറ്റമ്പതോളം ദിവസമായി പദ്ധതി നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്. 

വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര വ്യക്തമാക്കി. തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും യുജിന്‍ പെരേര ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com