'അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്നു'- സർക്കാരിനെതിരെ വിഡി സതീശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 07:15 PM  |  

Last Updated: 27th November 2022 07:15 PM  |   A+A-   |  

vd_satheesan_new

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസിന്റെ നടപടി അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ സതീശൻ ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും വ്യക്തമാക്കി. 

അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടിയെന്നും സതീശന്‍ വിമര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോയെന്നും അദ്ദേഹം ആരാഞ്ഞു. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തുടക്കം മുതൽ സമരത്തെ വർ​ഗീയവത്കരിച്ച് ഇല്ലാതാക്കമെന്ന തന്ത്രമാണ് സർക്കാരും സിപിഎം പയറ്റുന്നത്. ഇതിന്റെ ഭാ​ഗമായി സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകെട്ടുണ്ടാക്കുന്നതും കേരളം കണ്ടു. 

അദാനിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സഖ്യത്തിലേര്‍പ്പെട്ട രണ്ട് കൂട്ടരും എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും സതീശന്‍ ആരോപിച്ചു.

വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ അദാനിക്കൊപ്പം ചേര്‍ന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങി ജനകീയ പ്രശ്നങ്ങളും സമരങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമം; പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്: മന്ത്രി ആന്റണി രാജുവിന്റെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ