വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമം; പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്: മന്ത്രി ആന്റണി രാജുവിന്റെ മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 05:22 PM  |  

Last Updated: 27th November 2022 05:22 PM  |   A+A-   |  

antony_raju

മന്ത്രി ആന്റണി രാജു/ ഫയല്‍

 

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമമെന്ന് മന്ത്രി ആന്റണി രാജു. പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. സമരക്കാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ബാക്കിയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 

വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അടക്കം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആര്‍ച്ച് ബിഷപ്പാണ് ഒന്നാം പ്രതി. സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്.

ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ ഭൂമിയില്‍ നിന്നും ലഭിച്ച പരാതിക്ക് പുറമേ, സ്വമേധയായും പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

അക്രമത്തിന് എത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ അടക്കം എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. വൈദികര്‍ അടക്കമുള്ള പ്രതികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്നും, ഇതര മതസ്ഥരുടെ വീട് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. അമ്പതോളം വൈദികരുള്‍പ്പെടെ 95 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

'ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍': മാത്യു കുഴല്‍നാടന്‍; തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ