'ഉദ്യോഗസ്ഥരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകും'; സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ചിട്ടില്ല: മന്ത്രി കെ രാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 09:03 PM  |  

Last Updated: 28th November 2022 09:03 PM  |   A+A-   |  

k_rajan

റവന്യു മന്ത്രി കെ രാജന്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. നിലവില്‍ അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ മറ്റൊരു വഴിക്ക് കൊണ്ടുപോകല്‍ മാത്രമാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ റെയിലിനായി ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് മടക്കി വിളിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.  

'പദ്ധതി പിന്‍വലിച്ചതായി നമുക്കറിയില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല. അതിലൊരു അഭിപ്രായം പറയാന്‍ എനിക്ക് സാധിക്കില്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് അനിവാര്യമായ ചില നടപടിക്രമങ്ങളിലേക്ക് പോകണം എന്നുള്ളതുകൊണ്ടും റെയില്‍വേ ബോര്‍ഡിന്റെ അനുവാദം കിട്ടിയതിന് ശേഷമേ ആ നടപടികളിലേക്ക് പോകൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലും നിലവില്‍ അതിന് ചുമതലപ്പെടുത്തിയവരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകാം എന്ന് മാത്രമേ ഇന്ന് കൊടുത്ത നിര്‍ദേശത്തിന് അര്‍ഥമുള്ളൂ' റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഈ ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ഇതുവരെ ലഭിക്കാതിരുന്നിട്ടും സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ ന്യായമായ പരാതികളെല്ലാം പരിഹരിച്ചു; വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢാലോചന: ഇപി ജയരാജന്‍