കേസുകൊണ്ടും ഭീഷണികൊണ്ടും പിന്‍മാറില്ല; സമരക്കാരെ പ്രകോപിപ്പിക്കുന്നു, സര്‍ക്കാരിന് എതിരെ കെസിബിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 03:39 PM  |  

Last Updated: 28th November 2022 03:39 PM  |   A+A-   |  

vizhinjam

പ്രതിഷേധക്കാര്‍ തകര്‍ത്ത പൊലീസ് ജീപ്പ്/എക്‌സ്പ്രസ്‌


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അക്രമാസക്തമായതിന് പിന്നാലെ സര്‍ക്കാരിന് എതിരെ കെസിബിസി. വിഷയത്തില്‍ സര്‍ക്കാരിന് നിഷേധാത്മക നിലപാടാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് ശ്രമം. സര്‍ക്കര്‍ വിവേകത്തോടെ പെരുമാറണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ് അടക്കമുള്ളവര്‍ക്ക് എതിരെ കേസെടുത്ത് ദുരുദ്ദേശപരമാണ്. കേസുകള്‍ കൊണ്ടോ ഭീഷണികൊണ്ടോ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും കെസിബിസി പറഞ്ഞു. 

അതേസമയം, വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചിലര്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നതെന്ന് സിപിഎം പറഞ്ഞു. 

പൊലീസിന് എതിരെ വിമര്‍ശനം ഉന്നയിച്ച് അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. വിഴിഞ്ഞത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. പൊലീസിന് യാതൊന്നും ചെയ്യാനാകുന്നില്ല. തുറമുഖ നിര്‍മ്മാണം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും, ഇതുമൂലം കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.

സമരത്തിനെതിരെ സര്‍ക്കാരിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. തുറമുഖ നിര്‍മ്മാണ സാമഗ്രികളുമായി വന്ന ലോറി സമരക്കാര്‍ തടഞ്ഞപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. സുരക്ഷ നല്‍കുന്നതില്‍ പൊലീസ് പരാജയമാണ്. നിയമം കയ്യിലെടുക്കാന്‍ വൈദികര്‍ അടക്കം നേതൃത്വം നല്‍കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.സംഭവങ്ങളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ വിഴിഞ്ഞത്ത് കലാപത്തിന് ശ്രമം; സമരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണം; സിപിഎം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ