രോ​ഗിക്ക് കൂട്ടിരിപ്പിന് ഒരാൾ മാത്രം; മെ‍ഡിക്കൽ കോളജുകളിൽ സുരക്ഷ ശക്തമാക്കും

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കുന്നതാണ്
വീണാ ജോർജ്
വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഭവത്തെ തുടര്‍ന്ന് മന്ത്രി വിളിച്ചു ചേര്‍ത്ത പൊലീസിന്റേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടര്‍മാരുടേയും യോഗത്തിലാണ് തീരുമാനമെടുത്തത്. 

കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ഇതിന് ഡോക്ടറുടെ നിര്‍ദേശം വേണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 

ആശുപത്രി സന്ദര്‍ശന സമയം വൈകീട്ട് 3.30 മുതല്‍ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കുന്നതാണ്. അലാം സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്‌നങ്ങളും മെഡിക്കോ ലീഗല്‍ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഉടന്‍ തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 

എല്ലാ മെഡിക്കല്‍ കോളജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫിങ് റൂം സ്ഥാപിക്കുന്നതാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൊലീസിന്റെ സഹായത്തോടെ മോക് ഡ്രില്‍ സംഘടിപ്പിക്കാനും യോ​ഗം തീരുമാനിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com