ഊരൂട്ടമ്പലം ഇരട്ടക്കൊല: ദിവ്യയുടെ അമ്മയെയും അച്ഛനെയും കൊലപ്പെടുത്താനും മാഹിന്‍ പദ്ധതിയിട്ടു?; പൂവാറിലെത്താന്‍ അമ്മയെ വിളിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 12:15 PM  |  

Last Updated: 30th November 2022 12:29 PM  |   A+A-   |  

mahin_divya

ദിവ്യ, മാഹിൻ കണ്ണ് / ടിവി ദൃശ്യം

 

തിരുവനന്തപുരം: ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസിലെ പ്രതി മാഹീന്‍കണ്ണ് യുവതിയുടെ മാതാപിതാക്കളെയും കൊല്ലാന്‍ പദ്ധതിയിട്ടതായി പൊലീസിന്റെ നി​ഗമനം. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ദിവ്യയേയും മകളേയും കൊലപ്പെടുത്തിയശേഷമായിരുന്നു അത്. ദിവ്യയുടെ അച്ഛനെയും അമ്മയേയും പൂവാറിലെത്തിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

പൂവാറിലേക്ക് വന്നാല്‍ മകളെ കാണിച്ചു തരാമെന്ന് പറഞ്ഞ് മാഹിന്‍ കണ്ണ് ദിവ്യയുടെ അമ്മ രാധയെ വിളിച്ചു. 2011 ആഗസ്റ്റ് 22 ന് രാത്രി 7.04 നാണ് മാഹിന്‍കണ്ണ് രാധയെ വിളിച്ചത്. 2011 ആഗസ്റ്റ് 18 നാണ് രാധയെയും രണ്ടര വയസ്സുള്ള കുട്ടി ഗൗരിയേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. 

2011 ആഗസ്റ്റ് 21 ന് ദിവ്യയുടെ ഫോട്ടോ സഹിതം മൃതദേഹം കിട്ടിയ വാര്‍ത്ത തമിഴ് പത്രത്തില്‍ വന്നിരുന്നു. ആഗസ്റ്റ് 20 ന് ഉച്ചയ്ക്കുശേഷം മുതല്‍ നാഹിന്‍ കണ്ണിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. 22 ന് ഫോണ്‍ ഓണാക്കിയശേഷം ആദ്യത്തെ കോളാണ് രാധയ്ക്ക് ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി. 

യുവതിയേയും കുഞ്ഞിനേയും കാണാതായ സംഭവത്തില്‍ ജീവിതപങ്കാളിയായ മാഹിന്‍ കണ്ണിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചശേഷമായിരുന്നു രാധയെ ഇയാള്‍ വിളിച്ചത്.  2011 ഓഗസ്റ്റ് 18 നാണ് ദിവ്യയെയും ഗൗരിയെയും കാണാതാകുന്നത്.

മാഹിന്‍കണ്ണുമായി പ്രണയത്തിലായ ദിവ്യ ഇയാള്‍ക്കൊപ്പം ഊരൂട്ടമ്പലത്തെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ, വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഇയാള്‍ വിദേശത്തേക്കു പോയി. ഒരു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ മാഹിന്‍ വീണ്ടും ഇവര്‍ക്കൊപ്പം താമസിച്ചു. 

ഇതിനിടെയാണ് മാഹിന്‍ നേരത്തെ വിവാഹിതനായിരുന്നുവെന്ന വിവരം ദിവ്യ അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടതായും പൊലീസ് പറയുന്നു. ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസില്‍ മാഹിന്‍ കണ്ണിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും കൊന്നതായി മാഹിന്‍ കണ്ണ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സെമിനാറില്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ചു; വാവ സുരേഷിനെതിരെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ