'മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ജനകീയ നേതാവ്'; അനുശോചിച്ച് രാഷ്ട്രീയ കേരളം

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രീയ കേരളം
കോടിയേരി ബാലകൃഷ്ണൻ/ ഫയൽ ചിത്രം
കോടിയേരി ബാലകൃഷ്ണൻ/ ഫയൽ ചിത്രം

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രീയ കേരളം. മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണ്‍ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മിലെ സൗമ്യമായ മുഖം. മികച്ച ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ വേര്‍പാട് സിപിഎമ്മിന് നികത്താന്‍ സാധിക്കാത്തതാണ്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.- അദ്ദേഹം പറഞ്ഞു. 

സിപിഎമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാന്‍ ഇടയായിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂര്‍വ്വം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാര്‍ട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. മന്ത്രി എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത് എന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും മാത്രമല്ല കേരളീയ സമൂഹത്തിനാകയും വലിയ നഷ്ടമാണ് കോടിയേരിയുടെ നിര്യാണത്തിലൂടെ വന്നു ചേര്‍ന്നിരിക്കുന്നത് എന്ന് മന്ത്രി ജി ആര്‍ അനില്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി - യുവജനപ്രസ്ഥാനങ്ങളിലുടെ വളര്‍ന്ന് വളരെ ദുരിത പൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി മാറുകയും കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമുപരി രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സ്‌നേഹധനനായ സുഹൃത്തായിരിക്കുകയും ചെയ്ത നേതാവായിരുന്നു കോടിയേരി. സിപിഐ സംസ്ഥാന സമ്മേളനത്തിലേയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റലിനെ ക്ഷണിക്കുന്നതിനായി ചെന്നൈയില്‍ പോയപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ പോയി കോടിയേരിയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് മന്ത്രി ജിആര്‍ അനില്‍ അനുസ്മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com