തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥി നേതാവ്, നിയമസഭാ സാമാജികന്, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സഖാവ് തന്റേതായ മുദ്ര പതിപ്പിച്ചു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയ ജീവിതമാരംഭിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ചു. ഈ സമയത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളമാകെ വേരുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ്എഫ്ഐയെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. മതനിരപേക്ഷതയില്‍ അടിയുറച്ചു വിശ്വസിച്ച സഖാവ് തലശ്ശേരി കലാപകാലത്ത് ഹിന്ദു വര്‍ഗ്ഗീയ ശക്തികളെ ചെറുക്കുന്നതിന് മുന്നില്‍ നിന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്തു നിര്‍വഹിക്കാന്‍ ആരംഭിച്ച അദ്ദേഹം പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരളം രാഷ്ട്രീയത്തിന് സംഭാവന ചെയ്ത കരുത്തുറ്റ നേതാവാണ്. സഖാവ് സെക്രട്ടറി ആയിരുന്ന കാലം പാര്‍ട്ടി വലിയ വെല്ലുവിളികള്‍ നേരിട്ട സമയമാണ്. ഈ വെല്ലുവിളികളെ നേരിട്ട് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അതിനിര്‍ണായക പങ്കുവഹിച്ചു.
നിയമസഭാ സാമാജികനെന്ന നിലയില്‍ ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 1982 ലാണ് സഖാവ് തലശ്ശേരിയില്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയില്‍ എത്തുന്നത്. 1987 ലും 2001 ലും 2006 ലും 2011 ലും പിന്നീട് അദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ശബ്ദം നിയമസഭയക്ക് അത്തുയര്ത്തുന്നതില് സഖാവ് കണിശത കാണിച്ചിട്ടുണ്ട്. 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ ആഭ്യന്തര- ടൂറിസം മന്ത്രിയെന്ന നിലയില്‍ നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പൊലീസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിലും ജനകീയവല്‍ക്കരിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രശംസനീയമാണ്.
ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാര്‍ടി സംഘടനയെ സദാ തയ്യാറാക്കിനിര്‍ത്തുന്നതിലുള്ള നിഷ്ക്കര്‍ഷ എന്നിവയൊക്കെ പുതിയ തലമുറക്കു മാതൃകയാകും വിധം കോടിയേരിയില്‍ എന്നും തിളങ്ങി നിന്നു. പാര്‍ട്ടി ശത്രുക്കളോട് കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയും അതേസമയം തന്നെ പൊതുവായ കാര്യങ്ങളില്‍ സംയമനത്തോടെയും ആരും അംഗീകരിക്കുന്ന തരത്തിലും ഇടപെടുകയും ചെയ്യുന്ന ശീലം സഖാവ് എന്നും മുറുകെപ്പിടിച്ചു. എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ പെരുമാറിക്കൊണ്ടുതന്നെ നിലപാടുകളില്‍ നിന്ന് അണുവിട വ്യതിചലിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. 1995 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ്, 2002 ല്‍ കേന്ദ്രകമ്മിറ്റി അംഗമായി. 2008 മുതല്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്.
കോടിയേരിയുടെ വിദ്യാര്‍ത്ഥി കാലം മുതല്‍ അടുപ്പമുണ്ട്. ഊഷ്മളമായ സൗഹൃദവും കോമ്രേഡ്ഷിപ്പും ഞങ്ങള്‍ക്കിടയില്‍ ഈ കാലയളവില്‍ വളര്‍ന്നു വന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ തനിക്ക് ചുമതലകള്‍ പൂര്‍ണ്ണ തോതില്‍ നിര്‍വ്വഹിക്കാനാവില്ല എന്നുകണ്ട് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്ക്കാന് സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല നിര്‍ബന്ധം പിടിക്കുകയുമായിരുന്നു അദ്ദേഹം. ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഒൻപതാം ക്ലാസിൽ തുടങ്ങിയ രാഷ്ട്രീയം, എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍; കോടിയേരിക്ക് വിട
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
