'ഇല്ലായില്ല മരിക്കുന്നില്ല...'; പ്രിയ സഖാവിനെ അവസാനമായി കാണാന്‍ പുഷ്പനെത്തി, അലയടിച്ച് മുദ്രാവാക്യങ്ങള്‍

പൊതുദര്‍ശനം നടക്കുന്ന തലശേരി ടൗണ്‍ ഹാളില്‍ പുഷ്പനെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുയര്‍ത്തി
വീഡിയോ സ്‌ക്രീന്‍ഷോട്ട് 
വീഡിയോ സ്‌ക്രീന്‍ഷോട്ട് 

തലശേരി: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തി. പൊതുദര്‍ശനം നടക്കുന്ന തലശേരി ടൗണ്‍ ഹാളില്‍ പുഷ്പനെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുയര്‍ത്തി. 

1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ പുഷ്പന് താങ്ങായും തണലായും നിന്നവരില്‍ പ്രധാനിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പുഷ്പന്റെ ചൊക്ലിയിലുള്ള വീട്ടില്‍ ആരോഗ്യ കാര്യങ്ങള്‍ തിരക്കാന്‍ കോടിയേരി സ്ഥിരമെത്തുമായിരുന്നു. സംസ്ഥാന സെക്രട്ടറിയായി മൂന്നാമതും തെരഞ്ഞെടുത്ത ശേഷമാണ് പുഷ്പന്റെ വീട്ടില്‍ അദ്ദേഹം അവസാനമായി എത്തിയത്. 

തലശേരി ടൗണ്‍ ഹാളില്‍ രാത്രി പന്ത്രണ്ട് മണിവരെ പൊതു ദര്‍ശനമുണ്ടാകും. ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 10 മുതല്‍ മാടപ്പീടികയിലെ വീട്ടിലും 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കാരം നടക്കും. 

ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണ്ണൂരിലെത്തിയത്. തലശേരിയിലേക്കുള്ള വിലായ യാത്രക്കിടെ പതിനായിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനിന്നു. ടൗണ്‍ ഹാളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയെ രക്തപതാക അണിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com