തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സാധാരണ പ്രവര്‍ത്തകരുടേയും യുവനിരയുടേയും പിന്തുണ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പിസിസി പ്രസിഡന്റുമാര്‍ പരസ്യപിന്തുണ പ്രഖ്യാപിക്കരുതെന്നാണ് നിര്‍ദേശമുള്ളത്. ഒരുപക്ഷെ കെ സുധാകരന്‍ അതറിഞ്ഞിട്ടുണ്ടാവില്ല. കെ സുധാകരനെ നേരില്‍ കണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം കേരളത്തില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു തരൂര്‍.
വലിയ നേതാക്കാളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരിലും യുവാക്കളിലുമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമ്പോള്‍ രണ്ട് അഭിപ്രായങ്ങളും ഉണ്ടാവും. അതാണ് തിരഞ്ഞെടുപ്പിന്റെ സൗന്ദര്യവും. പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയും ഗുണത്തിന് വേണ്ടിയുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കി തെരഞ്ഞെടുപ്പിന് ശേഷം അറിയാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഖാര്‍ഗെ എത്തിയാല്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പരിചയവും പാര്‍ട്ടിക്ക് ശക്തിപകരുമെന്നാണ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചത്.
ഖര്‍ഗെയെ പോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടകശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് കെ സുധാകരന്‍ പറഞ്ഞു. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച ഖര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കൂടുതല്‍ കരുത്തും ഊര്‍ജവും പകരമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തരൂര്‍ വരുന്നതിനെ നേതൃത്വത്തില്‍ അധികമാരും പിന്തുണയ്ക്കുന്നുമില്ല. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് പ്രവര്‍ത്തനപരിചയം കുറവാണെന്നതടക്കമുള്ള വാദങ്ങളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. അതേസമയം തരൂര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്ന ഭയമാണ് കേരള നേതാക്കളുടെ എതിര്‍പ്പിനു പിന്നിലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പ്രതികരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ നിലമ്പൂര്‍ രാധ വധക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates