അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; ഡ്രൈവറെ കാണാനില്ല; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര് 

വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു
അപകടത്തില്‍ തകര്‍ന്ന ബസ്/ ട്വിറ്റര്‍ ചിത്രം
അപകടത്തില്‍ തകര്‍ന്ന ബസ്/ ട്വിറ്റര്‍ ചിത്രം
Updated on


പാലക്കാട്: വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

അതിനിടെ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ കള്ളപ്പേരാണ് നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ജോജോ പത്രോസ് എന്നാണ് ഇയാള്‍  പേരു പറഞ്ഞതെന്നാണ് വടക്കഞ്ചേരിയിലെ ആശുപത്രി ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബസില്‍ ഉണ്ടായിരുന്നയാളാണ് എന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. ഇയാള്‍ക്ക് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ലെന്നും, നടുവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ എക്‌സ്‌റേ എടുത്തു നോക്കിയെങ്കിലും കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്ന് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ പറഞ്ഞു. 

അപകടസമയത്ത് ബസിന്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്ററായിരുന്നുവെന്ന് വ്യക്തമായി. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ബസ് അമിതവേ​ഗതയിലായിരുന്നുവെന്ന് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കുട്ടികളും വ്യക്തമാക്കി. 

ബസില്‍ ജോമോനെക്കുടാതെ എല്‍ദോ എന്ന റിസര്‍വ് ഡ്രൈവറും ഉണ്ടായിരുന്നു. കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ ഉറങ്ങുകയായിരുന്നുവെന്നും, ജോമോനാണ് ബസ് ഓടിച്ചതെന്നുമാണ് എല്‍ദോ പറഞ്ഞത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഈട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com