

കൊച്ചി: മാതാപിതാക്കൾ രണ്ട് മതത്തിലുൾപ്പെട്ടവരാണെന്ന് പറഞ്ഞ് മകളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതിരുന്ന കൊച്ചി നഗരസഭയ്ക്കെതിരെ ഹൈക്കോടതി. വിവാഹം രജിസ്റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദയംപേരൂർ സ്വദേശികളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കൊച്ചി നഗര സഭ വിസമ്മതിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.
മാതാപിതാക്കൾ രണ്ട് മതത്തിൽപ്പെട്ടവരാണ് എന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാണിച്ചു. വിവാഹം നടന്നിരിക്കണമെന്നതാണ് രജിസ്‌റ്റർ ചെയ്യാനുള്ള മാനദണ്ഡം. മറിച്ച്, മതത്തിന് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. പിആർ ലാലനും ഭാര്യ ഐഷയും കൊച്ചി കോർപറേഷനിലെ മാര്യേജ് ഓഫിസറായ സെക്രട്ടറിക്ക് നൽകിയ അപേക്ഷയാണ് നിരസിച്ചത്.
ഹിന്ദു ആചാര പ്രകാരം 2001 ഡിസംബർ രണ്ടിനാണ് വിവാഹം നടന്നത്. യുവതിയുടെ മാതാവ് മുസ്ലീം ആണ്. യുവതിയുടെ അമ്മ മുസ്ലീം ആയതിനാൽ സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂ എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. എന്നാൽ മാതാപിതാക്കളുടെ മതം വിവാഹം രജിസ്‌ട്രേഷന് തടസമല്ലെന്ന് കോടതി വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവും അയ്യൻകാളിയും പോലെയുള്ള സാമൂഹിക പരിഷ്‌കർത്താക്കൾ ജിവിച്ചിരുന്ന മണ്ണാണിത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പിന്തുടരാനും സ്വതന്ത്ര്യമുള്ള മത നിരപേക്ഷ രാജ്യമാണ് ഇത് എന്ന ഓർമ്മ വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
രണ്ടാഴ്ചയ്ക്കകം വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് കൈമാറാനും ഇതിന്റെ അടിസ്ഥാനത്തിൽ സർക്കുലർ പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates