നരബലി നടന്ന വീട്ടിൽ അനാശാസ്യ പ്രവർത്തനവും, കൊച്ചിയിൽ നിന്ന് രണ്ടു പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിച്ചു; ചോദ്യം ചെയ്യൽ തുടരുന്നു

ആയുർവേദ ചികിത്സയുടെ ഭാഗമായിട്ടായിരുന്നു ഇലന്തൂരിലെ വീട്ടിലെ അനാശാസ്യ പ്രവർത്തനങ്ങളെന്നാണ് മൊഴി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി പ്രതികളുടെ മൊഴി. ആയുർവേദ ചികിത്സയുടെ ഭാഗമായിട്ടായിരുന്നു ഇലന്തൂരിലെ വീട്ടിലെ അനാശാസ്യ പ്രവർത്തനങ്ങളെന്നാണ് മൊഴി. ഈ ലക്ഷ്യത്തിനെത്തുന്ന ഇടപാടുകാർക്ക് സ്ത്രീകളെ ഉൾപ്പെടെ എത്തിച്ചുകൊടുത്തിരുന്നത് ഷാഫിയാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.

കൊച്ചിയിൽ നിന്നുള്ള രണ്ടു പെൺകുട്ടികളെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡനത്തിന് ഇരയാക്കിയെന്ന് പ്രതികളായ ഭഗവൽ സിങ്ങും ലൈലയും പൊലീസിനു മൊഴി നൽകി. ഇതേത്തുടര്‍ന്ന് ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നല്‍കിയിട്ടുണ്ട്. 

പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നാണ് സൂചന.കൊച്ചിയിലെ ഒരു പ്രമുഖ കോളജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്നവരായിരുന്നു പെൺകുട്ടികൾ. ഇവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് വിവരം.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അതേസമയം, നടപടികളോട് മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഒരുമിച്ചിരുത്തി എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം അർധരാത്രിയോടെ മൂവരെയും മൂന്നിടത്തേക്കു മാറ്റി. ഭഗവൽ സിങ്ങിനെ മുളവുകാട് സ്റ്റേഷനിലേക്കും ലൈലയെ വനിതാ സ്റ്റേഷനിലേക്കും മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാതെ ഷാഫി ഒഴിഞ്ഞുമാറുന്നത് തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com