

കൊച്ചി; ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിൽ തുടരുന്നു. എംഎൽഎയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എൽദോസിനെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്. എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ഇതും ജാമ്യമില്ലാ വകുപ്പുകളായിരുന്നു. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴി പ്രകാരം എംഎല്‍എ പരാതിക്കാരിയുടെ കഴുത്തില്‍ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പീഡനാരോപണം ഉന്നയിച്ചിരുന്നു. കേസ് കോവളം പൊലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനരോപണത്തില്‍ യുവതി ഉറച്ചു നിന്നതോടെയാണ് ബലാല്‍ത്സംഗക്കേസ് ചുമത്തിയത്.
ഇതിനിടെ പരാതിക്കാരി എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്ന് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയിട്ടില്ല.എംഎൽഎയ്ക്ക് എതിരെ കേസെടുത്ത കാര്യം പൊലീസ് കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates