ഇലന്തൂർ നരബലി; ആയുധങ്ങൾ കണ്ടെത്തി; ഫ്രിഡ്ജിനുള്ളിലും രക്തക്കറ

ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കെമിക്കൽ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്
ഫോട്ടോ:  എഎൻഐ
ഫോട്ടോ: എഎൻഐ

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു. സ്ഥലത്തു നിന്ന് ആയുധങ്ങൾ കണ്ടെത്തി. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോ​ഗിച്ചതായി കരുതുന്ന മൂന്ന് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. 

ആയുധങ്ങളിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങൾ പതിഞ്ഞതായി സൂചനകളുണ്ട്. വീടിനോട് ചേർന്നുള്ള ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 

ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കെമിക്കൽ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിയാൻ കൂടുതൽ പരിശോധന നടത്തും. 

അതിനിടെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് ഡമ്മി പരീക്ഷണം നടത്തുന്നു. കൊച്ചി പൊലീസിന്റെ നിര്‍ദേശാനുസരണം ആറന്മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്. പ്രതികളെ വീടിന് അകത്തെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുമെന്നാണ് വിവരം. 

പ്രതി ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. പ്രത്യേക വൈദഗ്ധ്യം നേടിയ മായ, മര്‍ഫി എന്നീ പൊലീസ് നായ്കളെ ഉപയോഗിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ വീട്ടുവളപ്പില്‍ നിന്നും ഒരു അസ്ഥിക്കഷണം കണ്ടെത്തി. റോസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന്‍ കഷണം ലഭിച്ചത്. ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെടുത്ത അസ്ഥിക്കഷണം ഫൊറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.  

പുരയിടത്തില്‍ മണ്ണിളകിയ പ്രദേശങ്ങളിലെല്ലാം പൊലീസ് അടയാളപ്പെടുത്തി പരിശോധന നടത്തുകയാണ്. ആറോളം സ്ഥലങ്ങളിലാണ് പൊലീസ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

മഞ്ഞൾ ചെടികൾ കൂടുതൽ നട്ടുവെച്ചിട്ടുള്ള ഭാഗത്തെത്തിയപ്പോൾ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാൻ പൊലീസ് അടയാളപ്പെടുത്തിയത്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച് അൽപ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ മണം പിടിച്ച് നിന്നു. ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമൻ അടയാളപ്പെടുത്തി. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടെ പ്രതികളെയെത്തിച്ച് അന്വേഷണ സംഘം വിവരങ്ങൾ തേടുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com