കേരള വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവര്‍ണര്‍, പോര് മുറുകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2022 03:58 PM  |  

Last Updated: 17th October 2022 04:43 PM  |   A+A-   |  

ariff_mohammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ /എക്‌സ്പ്രസ്‌

 

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കാന്‍ നിയമിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല വിസി നിയമനത്തെച്ചൊല്ലി സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നടപടി. നവംബര്‍ 11വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 

ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി ചട്ട വിരുദ്ധമാണ് എന്നാണ് സര്‍വകലാശാല നിലപാട്. വിഷയത്തില്‍ നിയമോപദേശം തേടിയ സര്‍വകലാശാല, സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ, പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സെനറ്റിന് അന്ത്യശാസനം നല്‍കി. തുടര്‍ന്ന് സെനറ്റ് ചേര്‍ന്നെങ്കിലും ചില പ്രതിനിധികള്‍ യോഗത്തില്‍ നിന്നുവിട്ടു നിന്നു. ഇതിന് പിന്നാലെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന 15പേരെ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ ഉത്തരവിറക്കി. 

യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂപം നല്‍കിയിരുന്നത്. 

സര്‍ക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വീറ്റില്‍ പറയുന്നു.