ഐപാഡ് വാങ്ങാനെന്ന വ്യാജേന പ്രവാസിയുമായി സൗഹൃദം സ്ഥാപിച്ചു, ഓൺലൈൻ തട്ടിപ്പിലൂടെ 20 ലക്ഷം കവർന്നു; നൈജീരിയക്കാരൻ പിടിയിൽ

നല്ലളം സ്വദേശിയായ പ്രവാസിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടി​യ കേസിൽ നൈജീരിയക്കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടി​യ കേസിൽ നൈജീരിയക്കാരൻ അറസ്റ്റിൽ. ഇമ്മാനുവൽ ജയിംസ് ലെഗ്ബതിയെയാണ് ബംഗളൂരുവിൽനിന്ന് കോഴിക്കോട് ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. 

ബംഗളൂരുവിലെ വിദ്യാരണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ വിലാസത്തിൽ താമസിച്ചുവരുകയായിരുന്നു ഇയാൾ. ഓൺലൈൻ 
തട്ടിപ്പിനുപയോഗിച്ച സിം കാർഡ്, മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പ്രതിയിൽനിന്ന് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതിയായ നൈജീരിയക്കാരൻ ഡാനിയൽ ഒയ്‍വാലേ ഒലയിങ്കയെ സെപ്റ്റംബർ ​17ന് ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഒഎൽഎക്സ് സൈറ്റിൽ വിൽപനക്കുവെച്ച ആപ്പിൾ ഐപാഡ് 65,000 രൂപക്ക് വാങ്ങാനെന്ന വ്യാജേനയാണ് പ്രതി നല്ലളം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. അമേരിക്കയിലെ വെൽ ഫാർഗോ ബാങ്കിന്റെതെന്നു ​തെറ്റിദ്ധരിപ്പിക്കുന്ന ഡൊമെയ്ൻ നിർമിച്ച് പണം അയച്ചതിന്റെ വ്യാജ രസീത് ഇ-മെയിലിൽ അയച്ചും വ്യാജ നമ്പറുകളിലുള്ള വാട്സ്ആപ് അക്കൗണ്ടുവഴിയും ആർബിഐ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ​ഇ-മെയിലുകൾ അയച്ചുമായിരുന്നു തട്ടിപ്പ്.  പ്രോസസിങ് ഫീസ്, അക്കൗണ്ട് ആക്ടിവേഷൻ പ്രോസസിങ് ചാർജ് എന്നിങ്ങനെ പറഞ്ഞ് 20 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

ഫെബ്രുവരിയിലും മാർച്ചിലുമായാണ് പലതവണകളായി പണം തട്ടിയത്. പ്രതി സ്പൂഫ് ചെയ്ത ഇ-മെയിൽ വിലാസമാണ് ഉപയോഗിച്ചിരുന്നത്. പ്രതികൾ ആറുവർഷത്തോളമായി അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞുവരികയായിരുന്നു. സൈബർ ക്രൈം പൊലീസ് ഇൻസ്‍പെക്ടർ ദിനേശ് കോറോത്തും സംഘവും നിരവധി ഫോൺ കോൾ രേഖകൾ പരിശോധിച്ചും ​ഒട്ടേറെ മൊബൈൽ ഫോണുകളും മറ്റു ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും സാമൂഹിക മാധ്യമ
അക്കൗണ്ടുകളും നിരീക്ഷിച്ചും നിരവധി മേൽവിലാസങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com