പിഎസ്‌സി പരീക്ഷയ്ക്ക് പോകുകയാണെന്ന് കെഞ്ചിപ്പറഞ്ഞു; തടഞ്ഞുവച്ച് ബൈക്കിന്റെ ചാവിയൂരി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2022 10:28 AM  |  

Last Updated: 26th October 2022 10:28 AM  |   A+A-   |  

police_checking

പ്രതീകാത്മക ചിത്രം

 


കോഴിക്കോട്:  അകാരണമായി പൊലീസ് തടഞ്ഞതോടെ പിഎസ്‌സി പരീക്ഷ എഴുതാനാവാതെ യുവാവ്. രാമനാട്ടുകര അരുണ്‍ നിവാസില്‍ അരുണ്‍ ആണ് പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് പ പിഎസ്‌സി. പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി. കമ്മിഷണറോട് പരാതിപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഉദ്യോഗാര്‍ഥിയെ തടഞ്ഞുവച്ച സിപിഒ രഞ്ജിത് പ്രസാദിനെ ജില്ലാപൊലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 

മീഞ്ചന്ത ജിവിഎച്ച്എസ് സ്‌കൂളായിരുന്നു പരീക്ഷാകേന്ദ്രം. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസം ഉണ്ടായി. തടസം തീര്‍ന്ന് പരീക്ഷാ സെന്ററിലെത്താന്‍ വൈകുമെന്ന് ഉറപ്പായതോടെ ഫറോക്ക് പുതിയപാലത്തില്‍നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോവാനായി തുനിഞ്ഞു. ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ താന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെന്ന് അരുണ്‍ പറയുന്നു. പൊലീസ് പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി പൊലീസുകാരന്‍ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പിഎസ്‌സി പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പായി പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവര്‍ത്തി പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് അരുണ്‍ പറയുന്നു.

കുറച്ച് കഴിഞ്ഞ് 1: 20 ഓടെ ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഒരുകാരണവുമില്ലാതെ 1: 55 വരെ അരുണിനെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ എസ്‌ഐ ഹനീഫ ഇടപെട്ടു. തുടര്‍ന്ന് അരുണിനെ പൊലീസ് ജീപ്പില്‍ പരീക്ഷാകേന്ദ്രത്തില്‍ എത്തിക്കുയും ചെയ്തു. റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞതിനാല്‍ ഉദ്യോഗാര്‍ഥിയെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പരീക്ഷാനടത്തിപ്പുകാര്‍ അനുവദിച്ചില്ല. പൊലീസ് നേരിട്ട് ഇടപെട്ടെങ്കിലും ഒഎംആര്‍ ഷീറ്റ് ക്യാന്‍സല്‍ ചെയ്തെന്നറിയിച്ചു. അതോടെ അരുണിനെ പൊലീസ് ജീപ്പില്‍ തന്നെ തിരികെ സ്റ്റേഷനിലെത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും കോടതിയില്‍ പോയി പെറ്റിയടക്കണമെന്നും പറഞ്ഞ് അവര്‍ അരുണിനെ പറഞ്ഞുവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇംഗ്ലീഷ് പഠിക്കാൻ ഫീസ്; പണമടച്ച വിദ്യാർത്ഥികൾക്ക് മാത്രം മിഠായി, പരാതിയുമായി രക്ഷിതാക്കൾ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ