ജീവിക്കാൻ ഡോക്ടർക്ക് ഇനി പാമ്പു പിടിക്കേണ്ട, മന്ത്രിയുടെ ഇടപെടലിൽ ആശുപത്രി തുടങ്ങാൻ വിശാൽ സോണി

മന്ത്രി എംവി ​ഗോവിന്ദന്റെ ഇടപെടലിലാണ് വിശാലിന് ലൈസൻസ് ലഭിച്ചത്
വിശാൽ സോണി, എംവി ​ഗോവിന്ദൻ/ചിത്രം; ഫേയ്സ്ബുക്ക്
വിശാൽ സോണി, എംവി ​ഗോവിന്ദൻ/ചിത്രം; ഫേയ്സ്ബുക്ക്

കോട്ടയം; പഠിച്ചു ഡോക്ടറായിട്ടും ജീവിക്കാൻ വേണ്ടി പാമ്പു പിടുത്തം തൊഴിലാക്കേണ്ടിവന്നു വിശാൽ സോണിക്ക്. അഞ്ച് വർഷമായി ഒരു ആയുർവേദ ആശുപത്രി തുടങ്ങാനുള്ള ഓട്ടത്തിലായിരുന്നു. എന്നാൽ നിയമക്കുരുക്കിൽപ്പെട്ട് ആ സ്വപ്നം നീണ്ടുപോയി. ഇതോടെ പാമ്പു പിടുത്തം നടത്തി ജീവിക്കേണ്ട അവസ്ഥയായി. എന്നാൽ അവസാനം വിശാലിന്റെ ആശുപത്രി എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. മന്ത്രി എംവി ​ഗോവിന്ദന്റെ ഇടപെടലിലാണ് വിശാലിന് ലൈസൻസ് ലഭിച്ചത്.

തിരുവാർപ്പ് കാഞ്ഞിരക്കാട്ട് മഠത്തിൽ വിശാൽ സോണി എന്ന 31കാരൻ 2016ലാണ് ആയുർവേദ പഠനം പൂർത്തിയാക്കുന്നത്. സ്വന്തം വീട്ടിൽ ആയുർവേദ ആശുപത്രി തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പാമ്പുപിടിത്തത്തിലേക്ക് ഇറങ്ങുന്നത്. വനം വകുപ്പിന്റെ കോഴ്സും പാസായി. ഇതുവരെ 75 പാമ്പുകളെ പിടിച്ചിട്ടുണ്ട്. 

അമ്മയും മുത്തശ്ശിയുമെല്ലാം താമസിച്ചിരുന്ന വീട്ടിലാണ് ആയുർവേദ ആശുപത്രി തുടങ്ങാൻ വിശാൽ ശ്രമിച്ചത്. ആധാരവും ഉടമകളുടെ നിരാക്ഷേപപത്രവും വേണമെന്നായിരുന്നു ചട്ടം. ഉടമകളായിരുന്ന മുത്തശ്ശിമാർ മരിച്ചുപോയതും ആധാരം ലഭ്യമല്ലാതായതും വിനയായി. 5 വർഷം വിവിധ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞയാഴ്ച സമൂഹമാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടു. അതു  മന്ത്രി എം.വി.ഗോവിന്ദന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവാർപ്പ് പഞ്ചായത്തിൽ പോയി അപേക്ഷ നൽകി. ആശുപത്രി തുടങ്ങിയാലും പാമ്പുപിടിത്തം തുടരുമെന്നാണു വിശാൽ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com