സഹോദരിയെയും അയൽവാസിയെയും അടിച്ചിട്ടു, കൊല്ലത്ത് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; അഞ്ച് മണിക്കൂർ നീണ്ട തിരച്ചിൽ, രക്ഷപെടുത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 08:25 AM  |  

Last Updated: 07th September 2022 08:25 AM  |   A+A-   |  

kidnap

പ്രതീകാത്മക ചിത്രം

 


കൊല്ലം: വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം സഹോദരിയെയും അയൽവാസിയെയും അടിച്ചു വീഴ്ത്തിയാണ് കുട്ടിയുമായി കടന്നത്. കെ‍ാട്ടിയം കണ്ണനല്ലൂർ സ്വദേശി ആസാദിന്റെ മകൻ ആഷിക്കിനെയാണ് തമിഴ്നാട് സ്വദേശികളടക്കം അടങ്ങുന്ന ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. 

സംഭവം നടന്ന് അഞ്ച് മണിക്കൂറിനു ശേഷം പാറശാലയിൽ വച്ചാണ് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചത്. വൈകിട്ട് ആറരയോടെ ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്ത സമയത്ത് രണ്ട് കാറുകളിലായി എത്തിയ സംഘം കുട്ടിയുമായി കടന്നു. വിവരം ലഭിച്ചയുടൻ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിൽ കുട്ടിയെ കടത്തുന്നതായി സന്ദേശം കൈമാറി.

രാത്രി ഒൻപത് മണിയോടെ കാർ പൂവാർ സ്റ്റേഷൻ പരിധികടന്നപ്പോൾ പെ‍ാലീസ് ജീപ്പ് പിന്തുടർന്നു. ഇതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്.

പാറശാല കോഴിവിളക്കു സമീപം വച്ചാണ് ഓട്ടോ തടഞ്ഞത്. ഒ‍ാട്ടോയിൽ അബോധാവസ്ഥയിലായിരുന്ന ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. മാർത്താണ്ടം സ്വദേശി ബിജു (30) വിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹെൽത്ത് കെയർ ഫീൽഡ് കോഴ്സുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ