ഗുരുവായൂരപ്പ സന്നിധിയില്‍ പിറന്നാള്‍ മധുരം; 'മയ്യഴിയുടെ കഥാകാരന്' 80ന്റെ തിളക്കം 

സാഹിത്യകാരന്‍ എം മുകുന്ദന് ഗുരുവായൂരപ്പ സന്നിധിയില്‍ പിറന്നാള്‍ മധുരം
ഭക്തര്‍ക്കൊപ്പം ഗുരുവായൂരില്‍ പ്രസാദ ഊട്ട് കഴിക്കുന്ന എം മുകുന്ദന്‍
ഭക്തര്‍ക്കൊപ്പം ഗുരുവായൂരില്‍ പ്രസാദ ഊട്ട് കഴിക്കുന്ന എം മുകുന്ദന്‍

തൃശൂര്‍: സാഹിത്യകാരന്‍ എം മുകുന്ദന് ഗുരുവായൂരപ്പ സന്നിധിയില്‍ പിറന്നാള്‍ മധുരം.  എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരപ്പനെ തൊഴുതും ഭക്തര്‍ക്കൊപ്പം പ്രസാദ ഊട്ട് കഴിച്ചുമായിരുന്നു അദ്ദേഹം ജന്മദിനം ആഘോഷിച്ചത്.

'പൂരമാണ് ജന്മ നക്ഷത്രം. സെപ്തംബര്‍ 10 ആണ് ജനനത്തീയതി. ആ ദിവസമാണ് പിറന്നാളായി ഞാന്‍ കണക്കാക്കുന്നത്. ഇത്തവണ ഗുരുവായൂരപ്പന്റെ മുന്നിലാവട്ടെ പിറന്നാള്‍ എന്ന് ആഗ്രഹിച്ചു. ഭാര്യ ശ്രീജയ്ക്കും സമ്മതം. കുറച്ച് കാലമായി ഇവിടെ വരാന്‍ ആഗ്രഹിക്കുന്നു .വളരെ സന്തോഷമാണ് ഇവിടെ വരുന്നത്.' - എം മുകുന്ദന്‍ പറഞ്ഞു.

പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരപ്പ സന്നിധിയിലെ പ്രസാദ ഊട്ട് കഴിക്കാനായതിന്റെ ആഹ്‌ളാദവും അദ്ദേഹം പങ്കിട്ടു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അന്ന ലക്ഷ്മി ഹാളില്‍ ഭക്തര്‍ക്കൊപ്പമിരുന്നാണ് പ്രസാദ ഊട്ടു കഴിച്ചത്. പ്രസാദ ഊട്ട് ഇഷ്ടമായോയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ . ' അത് ചോദിക്കാനുണ്ടോ. അതിഗംഭീരമല്ലേ. ഒരു പ്രത്യേക ടേസ്റ്റാണ്. സിംപിളും. പാല്‍പ്പായസവും കേമം..  കോവിഡ് കാലത്തിന് മുന്‍പ് ഇവിടെ വന്ന് പ്രസാദ ഊട്ട് കഴിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പമാണ് അന്ന് വന്നത് '- അദ്ദേഹം മനസ് തുറന്നു.

അവിട്ടം ദിനത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭാര്യ ശ്രീജക്കൊപ്പം എം മുകുന്ദന്‍ ഗുരുവായൂരെത്തിയത്. ദേവസ്വം ശ്രീവല്‍സം അതിഥിമന്ദിരത്തിലാണ് താമസം. വൈകിട്ട് ദീപാരാധനയ്ക്ക് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ദേവസ്വം ഉദ്യോഗസ്ഥര്‍  നല്‍കിയ ഭഗവാന്റെ പ്രസാദ കിറ്റും ഏറ്റുവാങ്ങി.

പിറന്നാള്‍ ദിനമായ ഇന്ന് പുലര്‍ച്ചെ 4 മണിക്ക് തന്നെ ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതു.  തിരിച്ച് റൂമിലെത്തുമ്പോള്‍ ഇഷ്ട സാഹിത്യകാരന് പിറന്നാള്‍ ആശംസയുമായി ആരാധകരുടെ നിരവധി ഫോണ്‍ വിളികളെത്തി. തലശേരിയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ തിരിച്ച ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ എം മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഗുരുവായൂര്‍ ദേവസ്വത്തിനു വേണ്ടി ഭരണ സമിതി അംഗം സി മനോജ് ശ്രീവല്‍സം അതിഥി മന്ദിരത്തിലെത്തി എം.മുകുന്ദനെ പൊന്നാടയണിയിച്ചു. പിറന്നാള്‍ ആശംസയും അറിയിച്ചു.

രണ്ടു ദിവസമാണ് ഗുരുവായൂരില്‍ എം മുകുന്ദന്‍ ചെലവഴിച്ചത്. ഇനിയും സമയം കിട്ടുമ്പോഴെല്ലാം  ഗുരുവായൂരപ്പ സന്നിധിയില്‍ വരുമെന്നും എം മുകുന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com