ക്യാപ്‌സൂള്‍ രൂപത്തിലാക്കി വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: 50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th September 2022 08:52 PM  |  

Last Updated: 13th September 2022 08:52 PM  |   A+A-   |  

gold seized in karipur

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി 995 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഗഫൂര്‍ (32) ആണ് പിടിയിലായത്. 

ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ 995 ഗ്രാം സ്വര്‍ണ്ണമിശ്രിതം ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണമിശ്രിതത്തിന് ആഭ്യന്തര വിപണിയില്‍ 50 ലക്ഷം രൂപ വില വരും.

ചൊവ്വാഴ്ച രാവിലെ 11.15-ന് ജിദ്ദയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ അബ്ദുള്‍ ഗഫൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20-ന് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ഗഫൂറിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ദേഹപരിശോധനയും ലഗേജ് പരിശോധനയും നടത്തി. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. തുടര്‍ന്ന് അബ്ദുള്‍ ഗഫൂറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് ക്യാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

ഓണം തുണച്ചു; കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍; തിങ്കളാഴ്ച കിട്ടിയത് 8.4കോടി രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ