കണ്ണുകാണുന്നില്ലെന്ന് സാക്ഷി; കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി, മധുവധക്കേസില്‍ വീണ്ടും കൂറുമാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 02:56 PM  |  

Last Updated: 14th September 2022 02:56 PM  |   A+A-   |  

madhu CASE

കൊല്ലപ്പെട്ട മധു/ഫയല്‍

 

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തരവ്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയുടേതാണ് ഉത്തരവ്. മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചപ്പോള്‍ തനിക്ക് കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി സുനില്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.  മധുവിനെ മര്‍ദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയില്‍ കാണിച്ചത്. ഈ വീഡിയോയില്‍ കാഴ്ചക്കാരാനായി സുനില്‍ കുമാര്‍ നില്‍ക്കുന്നത് കാണാം. 

ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. കേസില്‍ 29-ാം സാക്ഷിയാണ് സുനില്‍ കുമാര്‍. മധുവിനെ വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം വിസ്താര വേളയില്‍ നിഷേധിച്ചു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനാറായി. 

കേസിലെ 27-ാം സാക്ഷി സൈതലവി ഇന്നലെ കൂറുമായിരുന്നു. മധുവിനെ അറിയില്ല എന്നായിരുന്നു സൈതലവി കോടതിയില്‍ പറഞ്ഞത്. ഇതുവരെ വിസ്തരിച്ചതില്‍ ആറുപേര്‍ മാത്രമാണ് കൂറമാറാതെയുള്ളത്. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം;നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ