ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന ഹെല്‍മറ്റ്, പ്ലാസ്റ്റിക്കില്‍ നിന്ന് ഇന്ധനം; ശ്രദ്ധേയമായി യുവ ബൂട്ട് എക്‌സ്‌പോ

ഹെല്‍മറ്റിന്റെ മുന്‍വശത്തു ഘടിപ്പിച്ച സെന്‍സറിലൂടെ ഡ്രൈവറുടെ കണ്ണുകളെ നിരീക്ഷിക്കുകയാണ് ഈ സംവിധാനത്തില്‍ ചെയ്യുന്നത്
യുവ ബൂട്ട് ക്യാമ്പ്
യുവ ബൂട്ട് ക്യാമ്പ്

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് (കിഡ്) സംഘടിപ്പിക്കുന്ന യുവ ബൂട്ട് ക്യാമ്പിലെ വിദ്യാര്‍ഥി സംരംഭകരുടെ  എക്‌സ്‌പോ ശ്രദ്ധേയമാകുന്നു. വൈവിധ്യം നിറഞ്ഞ സംരംഭങ്ങളുടെയും സംരംഭകത്വ ആശയങ്ങളുടെയും പ്രദര്‍ശനമാണ് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സംസ്‌കരണത്തിനും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള അധ്യാപനത്തിനും എന്നു വേണ്ട തേങ്ങയും അടക്കയും പൊളിക്കുന്നതിനുവരെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് വിദ്യാര്‍ഥി സംരംഭകര്‍.

ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയാല്‍ റൈഡറെ വിളിച്ചുണര്‍ത്തുന്ന ഹെല്‍മറ്റുമായാണ് കോഴിക്കോട് എഡബ്ല്യൂഎച്ച് എഞ്ചിനിയറിങ് കോളജിലെ ആദര്‍ശും ജിജുവും എക്‌സ്‌പോയില്‍  എത്തിയിട്ടുള്ളത്. ഹെല്‍മറ്റിന്റെ മുന്‍വശത്തു ഘടിപ്പിച്ച സെന്‍സറിലൂടെ ഡ്രൈവറുടെ കണ്ണുകളെ നിരീക്ഷിക്കുകയാണ് ഈ സംവിധാനത്തില്‍ ചെയ്യുന്നത്. ഹെല്‍മറ്റിനകത്തു ഘടിപ്പിച്ചിരിക്കുന്ന ബോര്‍ഡും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. റൈഡറുടെ കണ്ണുകള്‍ രണ്ടു സെക്കന്‍ഡില്‍ക്കൂടുതല്‍ സമയം അടഞ്ഞിരുന്നാല്‍ സെന്‍സറില്‍ നിന്നു ബോര്‍ഡിലേക്ക് സന്ദേശമെത്തും. ഇതോടെ ഹെല്‍മറ്റിനകത്തു ഘടിപ്പിച്ചിരിക്കുന്ന അലാം പ്രവര്‍ത്തിച്ച്  ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തും.

പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിനോടൊപ്പം അതില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന സംവിധാനം എക്‌സ്‌പോയിലെ ശ്രദ്ധേയമായ ഇനമാണ്. അന്തരീക്ഷ മലിനീകരണമില്ലാതെ പ്ലാസ്റ്റിക് കത്തിച്ചു കളയുന്നതിനൊപ്പം മണ്ണെണ്ണക്ക് സമാനമായ ദ്രാവക രൂപത്തിലുള്ള ഇന്ധനവും മീഥേനും എത്തിലിനും അടങ്ങുന്ന വാതക രൂപത്തിലുള്ള ഇന്ധനവും ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് തൊടുപുഴ കുമാരമംഗലം എന്‍കെഎന്‍എം എച്ച്എസ്എസിലെ വിദ്യാര്‍ഥി അച്ച്യുത് അവതരിപ്പിക്കുന്നത്. പ്ലാസ്റ്റിക് സംസ്‌കരണത്തിലെ ഉപോത്പന്നങ്ങളായ ദ്രവ, വാതക ഇന്ധനങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചു ശേഖരിക്കാനുള്ള സംവിധാനംകൂടി സജ്ജമായാല്‍ വിപ്ലവകരമായ ഒരു കണ്ടുപിടുത്തമാകുമിത്. കൂടാതെ ഒഗ്മെന്റഡ് റിയാലിറ്റിയിലൂടെ അധ്യാപനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള സംവിധാനങ്ങളും എക്‌സ്‌പോയില്‍ കാണാം.

കര്‍ഷികോത്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തുന്നതിനും സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍, കര്‍ഷകര്‍ക്ക് വിദഗ്ധ സഹായം നല്‍കുന്നതിനുള്ള അഗ്രി ആംബുലന്‍സ്, പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ പാക് ചെയ്യുന്നതിനുള്ള യന്ത്രം, വിവിധ തരത്തിലുള്ള സോപ്പുകള്‍, തേനില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, വിവിധ ഫ്‌ളേവറിലുള്ള ചായകള്‍ എന്നിങ്ങനെ വ്യത്യസ്ഥമായ സംരഭകത്വ ആശയങ്ങള്‍ എക്‌സപോയിലുണ്ട്. തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും സഹായകമാകുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്നിങ്ങനെ നീളുന്നു വിദ്യാര്‍ഥി സംരംഭകരുടെ ആശയങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com