'വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക് തണലായിരുന്നു ഈ കൈകള്‍'; തൊട്ടുതലോടി, പൊട്ടിക്കരഞ്ഞ് സുജാത

രണ്ടുപേരുടെയും കൈമാറ്റ ശസ്ത്രക്രിയ വജയകരമായ നടത്തിയ അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങിലാണ് നാലുകുടുംബങ്ങളും ഒരുമിച്ചത്.
കര്‍ണാടക സ്വദേശി അമരേഷിന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ത്ത ഭര്‍ത്താവിന്റെ കൈകളില്‍ പിടിച്ച് പൊട്ടിക്കരയുന്ന സുജാത
കര്‍ണാടക സ്വദേശി അമരേഷിന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ത്ത ഭര്‍ത്താവിന്റെ കൈകളില്‍ പിടിച്ച് പൊട്ടിക്കരയുന്ന സുജാത


കൊച്ചി: 'ഞങ്ങള്‍ക്കു വേണ്ടി ജോലി ചെയ്ത കൈയാണിത്...വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക് തണലായ കൈ...ഓര്‍മകളില്‍ നിറഞ്ഞ് ആ കൈത്തലത്തില്‍ തലോടി സുജാത പൊട്ടിക്കരഞ്ഞു.  അച്ഛന്റെ ഓര്‍മയില്‍ മകള്‍ നീതുവിനും കണ്ണീര്‍ പിടിച്ചുനിര്‍ത്താനായില്ല. വാഹനാപകടത്തില്‍ മരിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങള്‍ കര്‍ണാടക സ്വദേശിയായ അമേരഷിന് (25) ദാനം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം അമേരേഷും വിനോദിന്റെ കുടുംബവും ഒരുമിച്ച് കണ്ടപ്പോഴാണ് ഈ വികാരനിര്‍ഭരമായ രംഗം. 

സുജാതയുടെ വാക്കുകള്‍ മറ്റൊരു കുടുംബത്തെയും ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ സ്വദേശി അമ്പിളിയുട കൈകള്‍ ഇറാഖി പൗരനായ യൂസിഫ് ഹസന്‍ സയീദ് അല്‍ സുവൈനിയ്ക്കും (29) ദാനം ചെയ്തിരുന്നു.

രണ്ടുപേരുടെയും കൈമാറ്റ ശസ്ത്രക്രിയ വജയകരമായ നടത്തിയ അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങിലാണ് നാലുകുടുംബങ്ങളും ഒരുമിച്ചത്. യൂസിഫിന്റെ കൈകള്‍ കണ്ട് അമ്പിളിയുടെ ഇളയമകള്‍ അനന്തവും ഭര്‍തൃമാതാവ് വത്സലകുമാരിയും വിതുമ്പി. അമ്മയുടെ കൈകള്‍ കൊണ്ട് അനന്തുവിനെ ചേര്‍ത്തു പിടിച്ച് യൂസിഫ് പറഞ്ഞു: 'ഇത് എനിക്കു രണ്ടാം ജന്മമാണ്. അതു നല്‍കിയതു നിങ്ങളും.' 

കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയില്‍ (ജെസ്‌കോം) ജൂനിയര്‍ പവര്‍മാന്‍ ആയ അമരേഷിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടമായത്. ജനുവരി 5 നായിരുന്നു ശസ്ത്രക്രിയ. വലം കൈ കൈമുട്ടിനു താഴെയും ഇടതു കൈ തോളിനോടു ചേര്‍ന്നും വച്ചുപിടിപ്പിച്ചു. 

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങളാണ് കൊച്ചി അമൃത ആശുപത്രിയില്‍ 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്തത്. വിനോദ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2022 ജനുവരി 4 ന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് വിനോദിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതി വഴി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

ലോകത്ത് ഇത്തരത്തില്‍ നടക്കുന്ന മൂന്നാമത്തെയും ഏഷ്യയില്‍ ആദ്യത്തെയും ശസ്ത്രക്രിയയായിരുന്നു എന്ന് അമൃത ആശുപത്രിയിലെ സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടിവ് സര്‍ജറി വിഭാഗത്തിലെ ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. മോഹിത് ശര്‍മ എന്നിവര്‍ പറഞ്ഞു. 

ഇറാഖില്‍ നിര്‍മാണത്തൊഴിലാളിയായ യൂസിഫിനു 2019 ഏപ്രിലിലാണു വൈദ്യുതാഘാതത്തെ തുടര്‍ന്നു കൈകള്‍ നഷ്ടപ്പെട്ടത്. 2015 മുതല്‍ ഇതുവരെ 11 പേര്‍ക്ക് അമൃത ആശുപത്രിയില്‍ കൈകള്‍ മാറ്റിവച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com