തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നൽകിയതിനെതിരെയുള്ള ഗവർണറുടെ പരാമർശങ്ങൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേഴ്‌സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രി അറിയാതെ നിയമിക്കാൻ ചാൻസലർക്ക് നിർദേശം വന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? അനധികൃതമായി നിയമനം നടത്താനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. എന്നാൽ ഇതിൽ പരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ലെന്ന് പറഞ്ഞാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചത്.
"ഇതിൽ പരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം. മുഖ്യമന്ത്രിയുടെ സ്റ്റാഫ്, ആ സ്റ്റാഫിന്റെ ഒരു ബന്ധു, ആ ബന്ധു എന്നുപറയുന്നത് ഒരു വ്യക്തിയാണ്. ആ വ്യക്തിക്ക് ആ വ്യക്തിയുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതനുസരിച്ചിട്ട് അവർക്ക് അർഹതയുണ്ടെന്ന് കാണുന്ന ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധാരണ നിലയിൽ അവർക്ക് അവകാശമുണ്ട്. അതിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവാണല്ലോ അതുകൊണ്ട് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണോ എന്നാരെങ്കിലും ചിന്തിക്കുമോ? നാടിനെക്കുറിച്ച് അറിയാവുന്ന ആർക്കെങ്കിലും അങ്ങനെ ചിന്തിക്കാൻ കഴിയുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്", മുഖ്യമന്ത്രി പറഞ്ഞു.
നിയമനത്തിൽ പിശകുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും പിശക് ചെയ്തവർ പിന്നീടുള്ള കാര്യങ്ങൾ അനുഭവിക്കട്ടെയെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പക്ഷെ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായിപ്പോയി എന്നതുകൊണ്ട് ജോലി സ്വീകരിക്കാൻ പറ്റില്ല എന്നുപറയാൻ ഗദവർണർക്ക് എന്താണ് അധികാരമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ഈ പറയുന്ന ബന്ധു അപേക്ഷ കൊടുക്കുക? അപേക്ഷ കൊടുത്തു, ഉത്തരവാദിത്വപ്പെട്ട ഒരു സംവിധാനം അവർ അവരുടേതായ നടപടിക്രമങ്ങളിലൂടെ കാര്യങ്ങൾ തീരുമാനിക്കുന്നു. തീരുമാനിച്ചതിൽ പിശകുണ്ടോ? പരിശോധിച്ചോട്ടെ. ആ പരിശോധനയുടെ ഭാഗമായി തീരുനാനത്തിൽ പിശകുണ്ടെങ്കിൽ പിശക് ചെയ്തവർ കാര്യങ്ങൾ അനുഭവിച്ചോട്ടെ. അതിന് ഞങ്ങളാരെങ്കിലും തടസ്സം നിന്നോ? ഈ കേരളത്തിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായിപ്പോയി എന്നതുകൊണ്ട് അപേക്ഷിക്കാൻ പറ്റില്ല, അവർക്കൊരു ജോലി സ്വീകരിക്കാൻ പറ്റില്ല എന്നുപറയാൻ ഇദ്ദേഹത്തിന് എന്ത് അധികാരം? ആര് നൽകിയിരിക്കുന്നു ആ അധികാരം? ഇതാണോ ഗവർണർ പദവി കൊണ്ടുദ്ദേശിക്കുന്നത്? ഇതാണോ ചാൻസലർ പദവി കൊണ്ടുദ്ദേശിക്കുന്നത്? , മുഖ്യമന്ത്രി ചോദിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates