വാര്‍ത്താ സമ്മേളനത്തിനു തൊട്ടു മുമ്പ് ചീഫ് സെക്രട്ടറി രാജ് ഭവനില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 19th September 2022 11:29 AM  |  

Last Updated: 19th September 2022 11:29 AM  |   A+A-   |  

arif_and_pinarayi

ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍/ ഫയല്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവരങ്ങള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനു തൊട്ടു മുമ്പായി ചീഫ് സെക്രട്ടറി വിപി ജോയി രാജ്ഭവനില്‍. അസാധാരണ നടപടിയിലേക്കു കടന്ന ഗവര്‍ണറുമായി അനുനയത്തിനു സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു വാര്‍ത്തകള്‍ വന്നെങ്കിലും ലഹരിവിരുദ്ധ പരിപാടിക്കു ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറി എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

രാവിലെ 11.45ന് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് 11 മണിക്കാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവച്ച ബില്ലുകളുടെ കാര്യം കൂടിക്കാഴ്ചയില്‍ വിഷയമാവുമോയെന്നു വ്യക്തമല്ല.

അനുനയത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തന്നെ, ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരായ പി രാജീവും എംബി രാജേഷും രംഗത്തുവന്നു. ഗവര്‍ണറുടെ പരിമിതികള്‍ സര്‍ക്കാരിയ കമ്മിഷനും വിവിധ സുപ്രീം കോടതി വിധികളും വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു. ആര്‍എസ്എസിനു വേണ്ടിയാണ് ഗവര്‍ണറുടെ ചെയ്തികളെന്നു വ്യക്തമാണെന്ന് രാജേഷ് കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളനം 11.45ന് 

ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിലെ ഗൂഡാലോചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി കത്തും നല്‍കിയിരുന്നു. ഈ കത്തും ഗവര്‍ണര്‍ പുറത്തുവിട്ടേക്കും.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് പറയുന്ന ആനുകൂല്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുമോ എന്നുള്ളതും കേരളം ഉറ്റുനോക്കുകയാണ്.

ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്ത്വം അറിയാതെ അസംബന്ധം പറയുകയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുവരെ തനിക്കെതിരേ ഒളിഞ്ഞുനിന്ന് കളിച്ച മുഖ്യമന്ത്രി വെളിച്ചത്തുവന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. നിയമസഭ പാസാക്കിയ 11 ബില്ലുകളില്‍ ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല'; വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ