പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ആവര്‍ത്തിച്ചു; വേറൊന്നും പറയാനില്ല: എം വി ഗോവിന്ദന്‍

ആര്‍എസ്എസിന്റെ വക്താവാണ് താനെന്ന് പരസ്യമായി പറയുന്ന ഗവര്‍ണറെ പറ്റി വേറൊന്നും പറയാനില്ല
എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ പറഞ്ഞതുതന്നെ പിന്നേയും പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ അപ്പുറത്ത് ഒരു പുതിയ കാര്യവും പറഞ്ഞിട്ടില്ല-എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ നേരത്തെ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞു എന്നത് ശുദ്ധ അസംബന്ധമാണ്. കെ കെ രാഗേഷ് അന്ന് എംപിയാണ്. അദ്ദേഹം ഗവര്‍ണറെ പോലെ ക്ഷണിക്കപ്പെട്ട അതിഥിയാണ്. പ്രശ്‌നമുണ്ടായപ്പോള്‍ പരിഹരിക്കാന്‍ മാത്രമേ കെ കെ രാഗേഷ് ശ്രമിച്ചിട്ടുള്ളു. വെറുതെ ആവശ്യമില്ലാതെ എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാന്‍ ഞങ്ങളില്ല. 

ആര്‍എസ്എസിന്റെ വക്താവാണ് താനെന്ന് പരസ്യമായി പറയുന്ന ഗവര്‍ണറെ പറ്റി വേറൊന്നും പറയാനില്ല. ഞങ്ങള്‍ ഗവര്‍ണറെ ബഹുമാനിക്കുന്നു. പക്ഷേ ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ രീതിയില്‍ ഞാന്‍ പണ്ടേ ആര്‍എസ്എസ് ആണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് വേറൊന്നും പറയാനില്ല.- എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

ചരിത്ര കോണ്‍ഗ്രസില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തെ വിലക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളും ആരിഫ് മുഹമ്മദ് ഖാന്‍ പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മര്‍ദം ചെലുത്തി. വെയിറ്റേജ് നല്‍കാമെന്ന് താന്‍ പറഞ്ഞു. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. തന്റെ നാട്ടുകാരനാണ് കണ്ണൂര്‍ വിസിയെന്നും, നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടി. അപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. താന്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റേത് ഉള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് വാങ്ങി നല്‍കി. ഇത് സമ്മര്‍ദ്ദ തന്ത്രമായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 

സമ്മര്‍ദം ശക്തയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് മറുപടിയായി ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന്വ്യക്തമാക്കി ജനുവരി 16 ന് മൂന്നാമത്തെ കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് നല്‍കിയ ഉറപ്പു മറന്നുപോയോ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

വാര്‍ത്താസമ്മേളനത്തിന് മുമ്പ് ചീഫ് സെക്രട്ടറി വിപി ജോയി തന്നെ കണ്ടത് സ്വകാര്യ സന്ദര്‍ശനമാണ്. മകളുടെ കല്യാണത്തിന് ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറിയെത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയാണ്. 1986 മുതല്‍ ആര്‍എസ്എസുമായി ബന്ധമുണ്ട്. ആര്‍എസ്എസ് നിരോധിത സംഘടനയാണോ എന്നും ഗവര്‍ണര്‍ ചോദിച്ചു. വിവാദമായ രണ്ടു ബില്ലുകളില്‍ ഒപ്പിടില്ലെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com