പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 1,013 പേര്‍ അറസ്റ്റില്‍; 281 കേസുകള്‍

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 24th September 2022 07:05 PM  |  

Last Updated: 24th September 2022 07:05 PM  |   A+A-   |  

pfi_protest

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ വ്യാപക ആക്രമണവുമായി ബന്ധപ്പെട്ട് 1,013 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 819 പേര്‍ കരുതല്‍ തടങ്കലിലാണ്. 281 കേസുകള്‍ എടുത്തതായും പൊലീസ് വ്യക്തമാക്കി. 

കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. തിരുവനന്തപുരം റൂറലില്‍ 113 പേരും കൊല്ലം സിറ്റിയില്‍ 169 പേരും അറസ്റ്റിലായി. കോട്ടയത്ത് 215 പേരും മലപ്പുറത്ത് 123 പേരും പിടിയിലായി. 

അതിനിടെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുവര്‍ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയര്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അക്രമികളില്‍ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ ഈവിഷയത്തില്‍ പൊലീസ് സ്വീകരിക്കും. സാധാരണ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്ന നിയതമായ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അതിന് വ്യത്യസ്തമായ സമീപനമാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. 

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടല്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. ബസുകള്‍ക്ക് നേരെ വലിയ തോതില്‍ ആക്രമണം നടത്തി. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്ത രീതിയിലുള്ള ആക്രമണങ്ങള്‍ നടപ്പിലാക്കി. ഡോക്ടര്‍ പോലും ആക്രമിക്കപ്പെട്ട സ്ഥിതിയുണ്ടായി. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത അക്രമ സംഭവങ്ങളാണ് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസ് സേനയുടെ സമയോജിത ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോള്‍ അത് കലാപന്തരീക്ഷമായി മാറാതെ തടയാന്‍ സാധിച്ചത്. അക്രമ സംഭവങ്ങളില്‍ പൊലീസ് ഫലപ്രദമായി ഇടപെട്ടു. മുഖം നോക്കാതെ വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ഫലപ്രദമായ നടപടിയുണ്ടായി. ഇനിയും അതേ രീതിയില്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'രണ്ട് സ്ഥലത്ത് അടിയും വെടിയുമുണ്ടായാല്‍ നിങ്ങള്‍ എന്തായിരിക്കും പറയുക?'; ഹെല്‍മെറ്റിട്ട് കല്ലെറിഞ്ഞാല്‍ ആരെ പിടിക്കും?: കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ