ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തി; ഒളിവിൽ കഴിഞ്ഞ പിഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 26th September 2022 09:17 AM  |  

Last Updated: 26th September 2022 09:17 AM  |   A+A-   |  

shamnad

ടെലിവിഷൻ ദൃശ്യം

 

കൊല്ലം: ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ പിഎഫ്ഐ പ്രവർത്തൻ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തുകയായിരുന്നു ഇയാൾ. ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്‍റണി, എആർ ക്യാംപിലെ സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ആന്‍റണി ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഹർത്താൽ ദിനത്തിൽ കൊല്ലം പള്ളിമുക്കിലൂടെ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന ഷംനാദിനെ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചത്. വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ ഷംനാദിനെ പിടികൂടാനാണ് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ഷംനാദ് മുതിർന്നപ്പോൾ ഇത് തടയാനും പൊലീസ് ശ്രമിച്ചിരുന്നു. 

അതിനിടെ വാഹനം ‌വെട്ടിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ പൊലീസുകാരുടേയും ഷംനാദിന്‍റെയും ബൈക്കുകള്‍ കൂട്ടിയിടിച്ച് പൊലീസുകാർ നിലത്തു വീണു. മറ്റ് പൊലീസുകാര്‍ ഷംനാദിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ബൈക്കോടിച്ച് ഇയാൾ രക്ഷപ്പെട്ടു. പിന്നീട് ഒളിവിൽ കഴിയുകയായിരുന്നു. വധശ്രമക്കേസിൽ ഷംനാദ് നേരത്തെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും; പരിശോധന തുടരാന്‍ എന്‍ഐഎ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ