ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും; പരിശോധന തുടരാന്‍ എന്‍ഐഎ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th September 2022 07:49 AM |
Last Updated: 26th September 2022 07:49 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: തീവ്രവാദക്കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ നടപടിക്കൊരുങ്ങുന്നത്.
പ്രതികൾ കീഴടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാൻ എൻഐഎ ശ്രമം തുടങ്ങിയത്. തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന അബ്ദുള്‍ സത്താര്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം.
തീവ്രവാദക്കേസില്‍ 12 ആം പ്രതിയാണ് പാലക്കാട് പട്ടാമ്പി സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ സിഎ റൗഫ്. കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു.
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതിലും സമൂഹമാധ്യമങ്ങള്‍ വഴി ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. അവര്‍ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നൽകിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളിൽ പ്രതികളുമായി തെളിവെടുപ്പും നടത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ