'അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ല; പ്രായപരിധി നടപ്പാക്കും'; ദിവാകരന് മറുപടിയുമായി കാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 12:35 PM  |  

Last Updated: 27th September 2022 12:35 PM  |   A+A-   |  

kanam rajendran

കാനം രാജേന്ദ്രന്‍/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവ് സി ദിവാകരന്റെ 
പ്രസ്താവനയ്ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന കൗണ്‍സിലിലേക്ക് പ്രായപരിധി നടപ്പാക്കും. ദേശീയ കൗണ്‍സില്‍ അംഗീകരിച്ച മാര്‍ഗരേഖയാണ് നടപ്പാക്കുന്നത്. താഴെതട്ടിലുള്ള സമ്മേളനങ്ങളില്‍ പ്രായപരിധി നടപ്പിലാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പിലാക്കിയത് സി ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ലെന്ന് കാനം പറഞ്ഞു.

'സിപിഐയുടെ ഭരണഘടനയനുസരിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് ദേശീയ കൗണ്‍സിലിനും സംസ്ഥാന സമ്മേളനത്തിന് മുന്‍പ് സംസ്ഥാന കൗണ്‍സിലിനും സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ നടപ്പാക്കാനുള്ള അവകാശമുണ്ട്. അതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മാസം 11, 12 തീയതികളില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവും 13, 14 തീയതികളില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലും നിര്‍ദേശിച്ച മാര്‍ഗരേഖയാണ് കേരളത്തില്‍ പിന്നീട് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവും കൗണ്‍സിലിലും അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതലിങ്ങോട്ട് നടത്തിയത്. അന്നൊന്നും ഇല്ലാത്ത അഭിപ്രായം ഇപ്പോള്‍ എവിടെനിന്നു വന്നുവെന്ന് അറിയില്ല. ഇത് പാര്‍ട്ടിയുടെ കുറ്റമല്ല'- കാനം പറഞ്ഞു

'സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍പും പല പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. നിര്‍ദേശിക്കപ്പെട്ട ശേഷം അത് പലപ്പോഴും ചര്‍ച്ചകള്‍ക്ക് ശേഷം പിന്‍വലിക്കുകയായിരുന്നു. പികെ വാസുദേവന്‍നായര്‍ മാറുന്ന സന്ദര്‍ഭത്തില്‍ കണ്ണൂര്‍ സമ്മേളനത്തില്‍ വെളിയം ഭാര്‍ഗവന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ അതിനെതിരെ മറ്റൊരു പേരും നിര്‍ദേശിച്ചു. അത് സികെ ചന്ദ്രപ്പന്റെതായിരുന്നു. അതിന് ശേഷം നടത്തിയ ചര്‍ച്ചയ്ക്ക ശേഷം ചന്ദ്രപ്പന്‍ പിന്‍മാറി. അന്ന് ഇലക്ഷന്‍ നടന്നില്ല. അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു കാലത്തും ഇത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഇനിയിപ്പോ ഇന്നും ഉണ്ടാവുന്നെങ്കില്‍ അതൊക്കെ സ്വാഭാവികമായും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ്' - കാനം പറഞ്ഞു.

'പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് മൂന്ന് തവണ സെക്രട്ടറിയായി തുടരാമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്. നാലാം തവണ തുടരണമെങ്കില് നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണം. ഇതെല്ലാം പാര്‍ട്ടി ഭരണഘടനയിലുളളതാണ്'' - കാനം പറഞ്ഞു. 

സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ രംഗത്തെത്തിയിരുന്നു. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢസംഘത്തിന്റെ തീരമാനമാണെന്നും സിപിഐയില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ദിവാകരന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തം; കശാപ്പുകാരന്റെ മനോഭാവം'; കാനത്തിനെതിരെ തുറന്നടിച്ച് സി ദിവാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ