തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ഐജി ജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ 1650 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.
വൈകുന്നേരം നാലര മണി മുതല്‍ മാത്രമേ കാണികള്‍ക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. കളി കാണാന്‍ വരുന്നവര്‍ പാസ്സിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടി തോരണങ്ങള്‍, കുട, കറുത്ത കൊടി, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങള്‍ സ്റ്റേഡിയത്തിനുളളില്‍ കൊണ്ടു പോവാന്‍ പാടില്ല. കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാന്‍ കഴിയുകയുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവര ഒരു കാരണവശാലും സ്റ്റേഡിയത്തിനുളളില്‍ പ്രവേശിപ്പിക്കുന്നതല്ല. കൂടാതെ, ഭക്ഷണസാധനങ്ങളും വെള്ളവും പുറത്ത് നിന്നും കൊണ്ടു വരാന്‍ അനുവദിക്കുന്നതല്ല. ഭക്ഷണ സാധനങ്ങള്‍ കാണികളുടെ ഇരിപ്പിടത്തിന് അടുത്തായി തന്നെ ലഭ്യമാകുന്നതാണ്.
ക്രമസമാധാന ചുമതലയുള ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അജിത് കുമാറിന് പുറമെ ഓരോ സോണിന്റേയും മേല്‍നോട്ടച്ചുമതല എസ്പിമാര്ക്ക് ആയിരിക്കും. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡിവൈഎസ്പിമാരുടേയും 28 സിഐമാരുടേയും 182 എസ്ഐ മാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
തിരുവനന്തപുരം സിറ്റിയ്ക്ക് പുറമെ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളില്‍ നിന്നും, ആംഡ് പൊലീസ് ബറ്റാലിയനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പൊലീസ് കമാന്‍ഡോ സംഘം, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും. അതോടൊപ്പം കണ്ട്രോള് റൂം അസ്സിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന കോവളം മുതല്‍ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 15 സ്പെഷ്യല്‍ സ്ട്രൈക്കര്‍ ഫോഴ്സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്രമീകരണങ്ങളും വാഹന പാര്‍ക്കിങ്ങും
ബുധനാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ രാത്രി 12.00 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തിയിട്ടുളളതാണ്.
വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്ന വിധം
പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജങ്ഷന് മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയില്ല.
ആറ്റിങ്ങല്‍ ഭാഗത്തു നിന്നും ശ്രീകാര്യം ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ വെട്ടുറോഡ് നിന്നും തിരിഞ്ഞ് ചന്തവിള കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് -മുക്കോലയ്ക്കല്‍ വഴി പോകേണ്ടതാണ്.
തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ഉള്ളൂര്‍-ആക്കുളം കുഴിവിള വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്.
ശ്രീകാര്യം ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്ക് മണ്‍വിള കുളത്തൂര്‍ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്.
വാഹന പാര്‍ക്കിങ് ക്രമീകരണങ്ങള്‍
ക്രിക്കറ്റ് കാണാനെത്തുന്നവരുടെ വാഹനങ്ങല്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ്, കാര്യവട്ടം ബിഎഡ് സെന്റര്‍, കഴക്കൂട്ടം ഫ്ലൈഓവറിന് താഴെ എന്നിവിടങ്ങളിലും പൊലീസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജങ്ഷന് മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്.
ക്രിക്കറ്റ് മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളോടും ഗതാഗത ക്രമീകരണങ്ങളോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ 30ന് ഏഴ് മണിക്ക് അടയ്ക്കും; രണ്ട് ദിവസം മദ്യ വിൽപ്പന ശാലകൾക്ക് അവധി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates