പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്ത് ലീഗ്; പൂട്ട് വീണത് ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെ 8 അനുബന്ധ സംഘടനകള്‍ക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 08:12 AM  |  

Last Updated: 28th September 2022 08:21 AM  |   A+A-   |  

popular front

പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച് / ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് മുസ്ലീം ലീഗ്. നിരോധനത്തിന് ഒപ്പം നില്‍ക്കുന്നതായി എം കെ മുനീര്‍ പറഞ്ഞു. 

പുതുതലമുറയെ വഴി തെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാര്‍ തന്നെ നേരിടണം. വാളെടുക്കണം എന്ന് പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും മുനീര്‍ ചോദിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. 

 പിഎഫ്‌ഐയുടെ 8 അനുബന്ധ സംഘടനകളേയും വിലക്കിയിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് വിലക്ക്. 

ഐഎസ് ഉള്‍പ്പെടെയുള്ള ആഗോള തീവ്രവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് നിരോധന ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കേരളത്തില്‍ നടന്ന നാല് കൊലപാതകങ്ങളെ കുറിച്ചും ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ട്. സഞ്ജിത്ത് വധം, നന്ദി വധം, അഭിമന്യു വധം, ബിപിന്‍ വധം എന്നീ കേസുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെട്ടതായും ഉത്തരവിലുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

രാജസ്ഥാന്‍ പ്രതിസന്ധി: ഗെഹ്‌ലോട്ടിന് ക്ലീന്‍ചിറ്റ് നല്‍കി എഐസിസി നിരീക്ഷകര്‍; മൂന്നു എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ