ട്രസ്റ്റി സ്ഥാനം ഒരു വര്‍ഷം മുമ്പ് ഒഴിഞ്ഞു; റിഹാബ് ഫൗണ്ടേഷനുമായി ഇപ്പോള്‍ ബന്ധമില്ല : ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 03:14 PM  |  

Last Updated: 28th September 2022 03:36 PM  |   A+A-   |  

mohammed_sulaiman

മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവര്‍കോവിലും/ ഫെയ്‌സ്ബുക്ക്‌

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ റിഹാബ് ഫൗണ്ടേഷനുമായി തനിക്ക് ഇപ്പോള്‍ ബന്ധമില്ലെന്ന് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍. ട്രസ്റ്റ് അംഗമായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ചുമതലകളില്‍ നിന്നും മാറിയിരുന്നു. ഇപ്പോള്‍ ഭാരവാഹികള്‍ ആരെന്ന് പോലും അറിയില്ലെന്ന് സുലൈമാന്‍ പറഞ്ഞു. 

താനിക്ക് ഇപ്പോള്‍ റിഹാബ് ഇന്ത്യ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല. താന്‍ ഒരിക്കലും അതിന്റെ ചെയര്‍മാനായിരുന്നിട്ടില്ല. താന്‍ ഫൗണ്ടേഷനില്‍ ഒരു ട്രസ്റ്റി മാത്രമായിരുന്നു. അത് ഒരു വര്‍ഷം മുമ്പ് ഒഴിയുകയും ചെയ്തു. ഇ അബൂബക്കര്‍ ആയിരുന്നു ചെയര്‍മാനെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. 

ഐഎന്‍എല്‍ തലവന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെ തലവനെന്നും, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് സുലൈമാന്‍ പ്രതികരണവുമായി രംഗത്തു വന്നത്. 

കെ സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് എന്‍എല്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പറഞ്ഞു. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ വിവരക്കേടും ശുദ്ധ അസംബന്ധവുമാണ്. മന്ത്രി ദേവര്‍കോവില്‍ ഒരിക്കലും ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിട്ടില്ല. ഐഎന്‍എല്ലിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ല. 

ഒരു എന്‍ജിഒ എന്നനിലയില്‍ നല്ല ഒരു ഉദ്യമമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ആരംഭിച്ചത്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം മറ്റുചിലരുടെ കൈകളിലായപ്പോള്‍ മുഹമ്മദ് സുലൈമാന്‍ അടക്കമുള്ള പലരും വിട്ടുനിന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരുതരത്തിലും അദ്ദേഹം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഭാഗമായിട്ടില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിരോധിത സംഘടനയുമായി ഐഎന്‍എല്ലിനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ബന്ധം; പുറത്താക്കണമെന്ന് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ