നിരോധിത സംഘടനയുമായി ഐഎന്‍എല്ലിനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ബന്ധം; പുറത്താക്കണമെന്ന് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 11:54 AM  |  

Last Updated: 28th September 2022 01:45 PM  |   A+A-   |  

surendran

കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: നിരോധിത സംഘടനയുമായി ഇടതുമുന്നണി ഘടകകക്ഷിയായ ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായിട്ടാണ് ഐഎന്‍എല്ലിന് ബന്ധം. റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് മന്ത്രി അഹമ്മദ് ദേവര്‍ കോവിലാണ്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന, കലാപത്തിലേക്ക് തള്ളിവിടുന്ന ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ടിംഗ് നടത്തുന്ന, ഇപ്പോള്‍ നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി നേരിട്ടു ബന്ധമുള്ള ഒരു കക്ഷി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി തുടരുന്നത്. ഇടതുമുന്നണിയുടെ ഘടകകക്ഷിയായി നിരോധിക്കപ്പെട്ട സംഘടനയുടെ തലവന്‍ എങ്ങനെയാണ് ഇരിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

കേരളത്തിലെ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി എങ്ങനെയാണ് ഒരു ഭീകരവാദ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പരമാധികാരത്തെയും കുറിച്ച് സര്‍ക്കാരിന് ജാഗ്രതയുണ്ടെങ്കില്‍ ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ശുദ്ധ അസംബന്ധമെന്ന് ഐഎൻഎൽ

അതേസമയം, ബിജെപിയുടെ ആരോപണം ഐഎൻഎൽ നിഷേധിച്ചു.  കെ സുരേന്ദ്രന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പറഞ്ഞു. ഐഎന്‍എല്ലിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ല. ആരോപണം ഉന്നയിച്ച സുരേന്ദ്രന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല. മന്ത്രിക്കെന്നല്ല, ഐഎന്‍എല്ലിന്റെ ഒരു നേതാവിനും പ്രവര്‍ത്തകനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമില്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്ത് ലീഗ്; പൂട്ട് വീണത് ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെ 8 അനുബന്ധ സംഘടനകള്‍ക്ക്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ