തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് ഉത്തരവിൽ നിർദേശിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ ഇന്ന് തന്നെ പൂട്ടി സീൽ വെക്കും. കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നടപടികൾ സ്വീകരിക്കാനുള്ള അധികാരം നൽകിയിരിക്കുന്നു. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഇതോടെ നടപടികൾ ക്രമീകരിക്കാൻ ഡിജിപി ഉടൻ സർക്കുലറും പുറത്തിറക്കും.
പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂർ, കണ്ണൂർ, തൊടുപുഴ, തൃശൂർ, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുക.
ബുധനാഴ്ച രാവിലെയോടെയാണ് പിഎഫ്‌ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം സംഘടന അംഗീകരിക്കുന്നതായി പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. 'പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർഥിക്കുന്നു', അബ്ദുൽ സത്താർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates