ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സം​ഗക്കേസ് ഒത്തുതീർപ്പായി, യുവതിക്ക് 80 ലക്ഷം കൈമാറി

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 29th September 2022 06:41 AM  |  

Last Updated: 29th September 2022 06:41 AM  |   A+A-   |  

binoy kodiyeri

ബിനോയ് കോടിയേരി / ഫയൽ


മുംബൈ; സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സം​ഗക്കേസ് ഒത്തുതീർപ്പായി. പരാതിക്കാരിയായ ബിഹാർ സ്വദേശിനിക്ക് 80 ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇരുവരും ചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.

80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ഒത്തുതീർപ്പ് വ്യവവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നൽകിയതിന്റെ രേഖയും സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീർപ്പുവ്യവസ്ഥയിൽ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആർ.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇരുവരുടെയും ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിച്ചു.

നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷൻ ബെഞ്ച് വിവാഹക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കാൻ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷൻ ബെഞ്ചിൽനിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവർക്കും ആശ്വാസമായി കേസ് ഒത്തുതീർപ്പിലെത്തിയത്.

2019 ജൂണിലാണ് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് പരാതിയില്‍ ആരോപിച്ചത്.  ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെടുന്നത്. 2009 നവംബറില്‍ ബിനോയി കോടിയേരിയില്‍ നിന്നും ഗര്‍ഭിണിയായി. പിന്നീട് മുംബൈയില്‍ ഫ്‌ലാറ്റ് എടുത്തു നല്‍കുകയും കുട്ടിക്കും തനിക്കും ചെലവിനായി ബിനോയി മാസം പണം അയച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏറ്റുമാനൂരില്‍ തെരുവുനായ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റു​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ